ഫുജൈറ : ഒരു വശത്ത് തലയുയർത്തി നിൽക്കുന്ന ഹാജർ പർവതനിരകളും മറുവശത്ത് ഒമാൻ ഉൾക്കടലിന്റെ തീരവുമുള്ള ഫുജൈറയിലെ ‘ക്വിദ്ഫ’ (Qidfa) എന്ന തീരദേശ ഗ്രാമം യുഎഇയുടെ ചരിത്രത്തിൽ വേറിട്ടുനിൽക്കുന്നു. ബിസി 3,500 (ക്രിസ്തുവിന് മുൻപ്) വരെയുള്ള മനുഷ്യവാസത്തിന്റെ കഥ പറയുന്ന നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. പ്രശസ്തമായ അൽ ബദിയ മസ്ജിദിനേക്കാൾ പഴക്കമുള്ള ഫുജൈറയിലെ ആദ്യകാല പള്ളികളിലൊന്നും പഴയൊരു കോട്ടയും വലിയ നാല് കവാടങ്ങളുമുള്ള ഒരു മതിൽക്കെട്ടപ്പട്ടണവും ഇവിടെയുണ്ടായിരുന്നുവെന്ന് എമിറാത്തി ചരിത്രകാരിയും ഗവേഷകയുമായ ഡോ. ആമ്ന അഹമ്മദ് സാബർ ഓർമ്മിക്കുന്നു.
പരുത്തി കൃഷിക്ക് പേരുകേട്ട ഈ ഗ്രാമത്തിലെ ഒരു വ്യാപാരി പണ്ട് ഇന്ത്യയിൽ പോയപ്പോൾ നാട്ടിലെ പരുത്തിച്ചെടികൾ പൂവിട്ടതിനെക്കുറിച്ച് “ഖാദ് ഫാ” (പൂത്തുലഞ്ഞു) എന്ന് അറബിയിൽ മറുപടി നൽകിയതിൽ നിന്നാണ് ‘ക്വിദ്ഫ’ എന്ന പേര് വന്നതെന്നാണ് നാട്ടറിവ്. മരുഭൂമിയിലെ നീരുറവകൾ കാരണമായി ഈ പ്രദേശത്തെ ഫുജൈറ മുൻ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി ‘രണ്ടാമത്തെ ബസ്ര’ എന്നും വിശേഷിപ്പിച്ചിരുന്നു. 1971-ൽ യുഎഇ രൂപീകൃതമായതിന് പിന്നാലെ 1974-ൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നേരിട്ടെത്തി ഇവിടെ ആദ്യത്തെ വാട്ടർ ഡിസാലിനേഷൻ, പവർ പ്ലാന്റ് എന്നിവ ഉദ്ഘാടനം ചെയ്തു. ആധുനിക വില്ലകൾ വന്ന ശേഷവും തങ്ങളുടെ പൈതൃക കൃഷിയിടങ്ങൾ ഉപേക്ഷിക്കാൻ ഇവിടുത്തെ ജനങ്ങൾ തയ്യാറായിട്ടില്ല.