ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിൽ 500 ദശലക്ഷം ദിർഹം ചെലവഴിച്ച് നടത്തിയ വൻ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഖോർ അൽ മംസാർ ബീച്ച് അത്യാധുനിക സൗകര്യങ്ങളോടെ പൊതുജനങ്ങൾക്കായി തുറന്നു. മൊത്തം 40 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ബീച്ച് പ്രദേശം അൽ മംസാർ ലഗൂൺ, അൽ മംസാർ കോർണിഷ് എന്നിങ്ങനെ രണ്ട് പ്രധാന ഭാഗങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ലഗൂൺ ഭാഗത്ത് 300 മീറ്റർ നീളമുള്ള രാത്രികാല നീന്തൽ സൗകര്യം, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ-ഫുട്ബോൾ-പാഡൽ കോർട്ടുകൾ, ജെറ്റ് സ്കീ സൗകര്യങ്ങൾ എന്നിവയുണ്ട്. കോർണിഷ് ഭാഗത്താണ് ലോകത്തിലെ ആദ്യത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന, വേലിക്കെട്ടുകളാൽ സുരക്ഷിതമായ വനിതകൾക്ക് മാത്രമായുള്ള പ്രത്യേക ബീച്ച് ഒരുക്കിയിരിക്കുന്നത്.
ലഗൂണിനെയും കോർണിഷിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആകർഷകമായ ഫ്ലോട്ടിംഗ് വാക്ക് വേയും അതിൽ സജ്ജീകരിച്ചിരിക്കുന്ന റെസ്റ്റോറന്റും സന്ദർശകർക്ക് പുതിയൊരു അനുഭവമായിരിക്കും. സൈക്ലിസ്റ്റുകൾക്കും റണ്ണേഴ്സിനുമായി 5.5 കിലോമീറ്റർ നീളമുള്ള ട്രാക്ക്, ആർട്ട് വാക്ക്വേകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക സ്വിം ചെയറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവയും നവീകരണത്തിന്റെ ഭാഗമാണ്. പ്രതിവർഷം 70 ലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഈ വിനോദകേന്ദ്രം സുരക്ഷയ്ക്കും ആധുനികതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്.