ദുബായ് : അൽ ഖൈൽ റോഡിൽ വാഹനാപകടത്തെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി ദുബായ് പോലീസ് അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി പോകുന്ന പാതയിൽ മെയ്ദാൻ പാലത്തിന് ശേഷമാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് ഈ മേഖലയിൽ വാഹനങ്ങളുടെ വലിയ നിര തന്നെയുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും തടസ്സങ്ങൾ ഒഴിവാക്കാൻ മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഗതാഗത തടസ്സം നീക്കുന്നതിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പോലീസ് ഏകോപിപ്പിക്കുന്നുണ്ട്. യാത്രക്കാർ വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടിയോടിക്കണമെന്നും പോലീസ് നൽകുന്ന വഴിതിരിച്ചുവിടലുകൾ കൃത്യമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനായി യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യാനും ട്രാഫിക് നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും ഡ്രൈവർമാരോട് പോലീസ് അഭ്യർത്ഥിച്ചു.