ദുബായ്: വേനൽക്കാലത്തിന്റെ വരവറിയിച്ച് ദുബായിലെ അൽ ബർഷയിൽ ഗുൽമോഹർ മരങ്ങൾ
വസന്തമൊരുക്കുന്നു. പ്രദേശം മുഴുവൻ ചുവപ്പും ഓറഞ്ചും കലർന്ന പൂക്കളാൽ നിറഞ്ഞുനിൽക്കുന്ന കാഴ്ച നഗരത്തിന് പുതിയൊരു ശോഭ പകർന്നിരിക്കുകയാണ്. തെരുവോരങ്ങളിൽ നിരനിരയായി നിൽക്കുന്ന ഈ മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കടുത്ത ചൂടിലും പ്രകൃതിയുടെ ഈ മനോഹര ദൃശ്യം വഴിയാത്രക്കാർക്കും താമസക്കാർക്കും ഒരുപോലെ കുളിർമയേകുന്ന കാഴ്ചയായി മാറിയിരിക്കുന്നു.
നഗരത്തിന്റെ തിരക്കുകൾക്കിടയിൽ പ്രകൃതി ഒരുക്കിയ ഈ ദൃശ്യവിരുന്ന് സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായിക്കഴിഞ്ഞു. മനോഹരമായ ഈ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ പ്രകൃതിസ്നേഹികളും ഫോട്ടോഗ്രാഫർമാരും അൽ ബർഷയിലേക്ക് എത്തുന്നുണ്ട്. ദുബായിലെ മറ്റു പല ഭാഗങ്ങളിലും ഗുൽമോഹർ മരങ്ങൾ ഉണ്ടെങ്കിലും അൽ ബർഷയിലെ കാഴ്ച ഏറെ സവിശേഷമാണെന്നാണ് സന്ദർശകർ പറയുന്നത്. വരും ആഴ്ചകളിലും ഈ പൂക്കാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.