അബുദാബി : രാജ്യത്തെ പകുതിയിലധികം സർക്കാർ സേവനങ്ങളും പ്രവർത്തനങ്ങളും കൃത്രിമബുദ്ധിയുമായി (AI) ബന്ധിപ്പിക്കുന്നതിനുള്ള വൻകിട പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി ഫെഡറൽ മന്ത്രാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും 80,000 ജീവനക്കാർക്ക് എഐ സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലനം നൽകും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ പരിശീലന പരിപാടിയാണിത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ പരിവർത്തന തന്ത്രം തയ്യാറാക്കിയിരിക്കുന്നത്.
അബുദാബിയിലെ ഖസർ അൽ വതനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. പൊതുമേഖലാ പ്രവർത്തനങ്ങളിലും സേവനങ്ങളിലും ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യകൾ (agentic AI) നടപ്പിലാക്കുന്നതിൽ യുഎഇയെ ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.