ദുബായ് : വേനൽക്കാല അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗൾഫ് മേഖലയിലേക്കുള്ള തങ്ങളുടെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പൂർണ്ണമായി പുനഃസ്ഥാപിച്ച്. കുവൈറ്റ്, സലാല എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കൂടി പുനരാരംഭിച്ചതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗൾഫ് ശൃംഖല പൂർണ്ണതോതിലായത്. കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാകും. വരും ദിവസങ്ങളിൽ ചില പ്രധാന റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്–സലാല റൂട്ടിൽ ജൂലൈ 2 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ വീതവും, കോഴിക്കോട്–കുവൈറ്റ് റൂട്ടിൽ ജൂലൈ 3 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ലഭ്യമാകും. ബംഗളൂരു–കുവൈറ്റ് സർവീസുകൾ ജൂലൈ 4 മുതലും, മംഗലാപുരം–മസ്കറ്റ് സർവീസുകൾ ജൂലൈ 3 മുതലും പുനരാരംഭിക്കും. കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്നായിരിക്കും സർവീസ് നടത്തുക. നിലവിൽ ഇന്ത്യയിലെ 18 നഗരങ്ങളെ ഗൾഫിലെ 13 കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ആഴ്ചയിൽ 780-ഓളം സർവീസുകളാണ് എയർലൈൻ നടത്തുന്നത്.