അബുദാബി : ഭാവിയിലെ സ്മാർട്ട് നഗരങ്ങൾ ലക്ഷ്യമിട്ട് അബുദാബി നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളുടെ പ്രഖ്യാപനവുമായി രണ്ടാം പതിപ്പ് അബുദാബി ഇൻഫ്രാസ്ട്രക്ചർ സമ്മിറ്റ് (ADIS 2026) അഡ്നെക് സെന്ററിൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഭരണകർത്താക്കൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉച്ചകോടിയിൽ 209 ബില്യൺ ദിർഹം ചെലവ് വരുന്ന 500-ലധികം വമ്പൻ പദ്ധതികളാണ് അബുദാബി അവതരിപ്പിച്ചത്. നഗരജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നതാണ് ഈ ബൃഹത്തായ നിക്ഷേപത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
2050-ഓടെ ലോകത്തെ നഗര ജനസംഖ്യയിൽ 2.5 ബില്യൺ ആളുകളുടെ വർദ്ധനവുണ്ടാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമായ നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യദിന ചർച്ചകൾ. സ്മാർട്ട് മൊബിലിറ്റി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. നിക്ഷേപങ്ങൾ കേവലം കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ ഒതുങ്ങാതെ, അവ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും നേരിട്ട് സ്വാധീനം ചെലുത്തണമെന്ന് ചടങ്ങിൽ അധ്യക്ഷനായ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു.