അബുദാബി : യുഎഇ വ്യവസായ-വിപുലമായ സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ (MoIAT) നേതൃത്വത്തിൽ സ്വദേശി ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ഇൻഡസ്ട്രിയലിസ്റ്റ് കരിയർ എക്സിബിഷൻ’ (Industrialists Career Exhibition) അബുദാബി എനർജി സെന്ററിൽ ആരംഭിച്ചു. ജൂൺ 8, 9 തീയതികളിലായി നടക്കുന്ന ഈ തൊഴിൽമേളയിൽ എഴുപതിലധികം പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്. വ്യവസായം, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), എൻജിനീയറിംഗ്, ക്ലീൻ എനർജി എന്നീ തന്ത്രപ്രധാന മേഖലകളിലായി ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് സ്വദേശികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
2027-ഓടെ വ്യവസായ മേഖലയിൽ സ്വദേശികൾക്കായി 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2023-ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ ലക്ഷ്യമിട്ടതിലും ഒരു വർഷം മുൻപേ തന്നെ, ഇതുവരെ ആകെ 5,200-ലധികം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്താൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു എന്നത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഉദ്യോഗാർത്ഥികൾക്ക് കമ്പനി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും, തത്സമയ ഇന്റർവ്യൂകളിൽ പങ്കെടുക്കാനും, കരിയർ ഗൈഡൻസ് നേടാനും മേളയിൽ അവസരമുണ്ട്. മാനവവിഭവശേഷി മന്ത്രാലയം, ഇറാത്തി ടാലന്റ് കോംപറ്റിറ്റീവ്നെസ് കൗൺസിൽ (Nafis), അഡ്നോക് (ADNOC) എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയുടെ വ്യവസായ മേഖലയുടെ വളർച്ചയിൽ സ്വദേശി പങ്കാളിത്തം ഉറപ്പാക്കാനും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ഈ മേള വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഹസൻ ജാസെം അൽ നുവൈസ് വ്യക്തമാക്കി.