അബുദാബി : ഭിന്നശേഷിക്കാരുടെ (People of Determination) ക്ഷേമത്തിനും അവരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾക്ക് ഫണ്ട് ശേഖരിക്കുന്നതിനുമായി ലോകത്തിലെ ആദ്യത്തെ സ്മരണിക നാണയമായ ‘ഇൻക്ലൂകോയിൻ’ (IncluCoin) അബുദാബി പുറത്തിറക്കി. ‘സുസ്ഥിര സ്വാധീനത്തിനായുള്ള ഇൻക്ലൂകോയിൻ’ (IncluCoin for Sustainable Impact) എന്ന് പേരിട്ടിരിക്കുന്ന ഈ പരിമിതകാല പതിപ്പ് നാണയം, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (DCD), മാൻ (Ma’an) അതോറിറ്റി, സായിദ് ഹയർ ഓർഗനൈസേഷൻ, യുഎഇ സെൻട്രൽ ബാങ്ക് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പുറത്തിറക്കിയത്. ഭിന്നശേഷിക്കാരുടെ കൂട്ടായ്മകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രഥമ ‘ദംജ്’ (Damj) അവാർഡ് വേദിയിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ഭിന്നശേഷിക്കാരുടെ സവിശേഷമായ കഴിവുകളിൽ നിന്നും ഡിസൈനുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നാണയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ വിൽപനയിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും ഓട്ടിസം പരിചരണം, ഭിന്നശേഷിക്കാരായ മുതിർന്നവരുടെ പുനരധിവാസം, അവർക്കായുള്ള കമ്മ്യൂണിറ്റി ലിവിങ് പ്രോജക്ടുകൾ എന്നിവയ്ക്കായി വിനിയോഗിക്കും. താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ‘മാൻ’ അതോറിറ്റിയുടെ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഈ നാണയം സ്വന്തമാക്കി ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാകാം. ഭിന്നശേഷിക്കാരുടെ സാമ്പത്തിക-സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്ന ‘പർപ്പിൾ ഇക്കോണമി’ (Purple Economy) എന്ന ആശയത്തിന് വലിയ പിന്തുണ നൽകുന്നതാണ് ഈ രാജ്യാന്തര മാതൃകയെന്ന് പ്രമുഖ ഭിന്നശേഷി വിദഗ്ദ്ധർ വിലയിരുത്തി.