ദുബായ് : തങ്ങളുടെ മാതൃരാജ്യത്തോടുള്ള ആദരസൂചകമായി എമിറേറ്റ്സ് എയർലൈൻ പുതിയ എയർബസ് എ380 വിമാനം പുറത്തിറക്കി. യുഎഇ ദേശീയ പതാകയുടെ ഡിസൈനിൽ മനോഹരമായി അലങ്കരിച്ച ഈ വിമാനം രാജ്യത്തോടുള്ള എമിറേറ്റ്സിന്റെ സ്നേഹവും ഐക്യദാർഢ്യവും പ്രകടമാക്കുന്ന ഒന്നാണ്. ‘ഈ പതാക എപ്പോഴും പറക്കും’ എന്ന അടിക്കുറിപ്പോടെ എമിറേറ്റ്സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിമാനത്തിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച പങ്കുവെച്ചത്.
വിമാനത്തിന്റെ വശങ്ങളിൽ വളരെ വലിപ്പത്തിൽ യുഎഇ പതാകയിലെ ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ 3D ശൈലിയിൽ ആലേഖനം ചെയ്തിരിക്കുന്നു. എമിറേറ്റ്സിന്റെ എല്ലാ വിമാനങ്ങളുടെയും വാലിൽ സാധാരണയായി ദേശീയ പതാകയുടെ ചിത്രം ഉണ്ടാകാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, വിമാനത്തിന്റെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന വിധത്തിൽ പതാകയുടെ വർണ്ണങ്ങൾ ഇത്ര മനോഹരമായി നൽകുന്നത് ഇതാദ്യമായാണ്. തങ്ങൾ വളർന്നുവന്ന രാജ്യത്തിനുള്ള വലിയൊരു ആദരമാണിതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.