Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 06:34 PM

ലോകത്തിലെ ഏറ്റവും വിലയുള്ള ഫാൽക്കൺ ലേലം നടന്നത് അബുദാബിയിൽ

ഒരു ഫാൽക്കണിന്റെ വില 2.1 മില്യൺ ദിർഹം

by Raneesha Razak

അബുദാബി: അബുദാബിയിൽ നടന്ന ലേലത്തിൽ അപൂർവ്വ ഇനത്തിൽപ്പെട്ട വെള്ള ഫാൽക്കൺ (White Falcon) 2.1 മില്യൺ ദിർഹത്തിന് (ഏകദേശം 5,71,000 ഡോളർ) വിറ്റഴിഞ്ഞു. ഒരു ഫാൽക്കണിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന് സംഘാടകർ അറിയിച്ചു. അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ എക്‌സിബിഷനിൽ (ADIHEX 2026) ഞായറാഴ്ച നടന്ന അവസാന ഘട്ട ലേലത്തിലാണ് അമേരിക്കയിൽ നിന്നുള്ള ‘ഗൈർ പ്യുവർ അൾട്രാ വൈറ്റ്’ (Gyr Pure Ultra White) എന്ന അപൂർവ്വ ഇനം റെക്കോർഡ് തുക സ്വന്തമാക്കിയത്. 2021-ൽ റിയാദിൽ നടന്ന ലേലത്തിൽ 4,67,000 ഡോളറിന് വിറ്റുപോയ ഫാൽക്കണിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തിയെഴുതപ്പെട്ടത്.

ഈ വർഷത്തെ എഡിഹെക്‌സിൽ ഒരു മില്യൺ ദിർഹത്തിന് മുകളിൽ തുക ലഭിക്കുന്ന മൂന്നാമത്തെ പരുന്താണിത്. ഓഗസ്റ്റ് 29-ന് നടന്ന ലേലത്തിൽ ‘ഖാർമോഷ പ്യുവർ അൾട്രാ വൈറ്റ്’ 1.5 മില്യൺ ദിർഹത്തിനും, തൊട്ടടുത്ത ദിവസം മറ്റൊരു കുഞ്ഞ് ഫാൽക്കൺ 1.1 മില്യൺ ദിർഹത്തിനും വിറ്റഴിഞ്ഞിരുന്നു. അഡ്‌നെക് ഗ്രൂപ്പും എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബും സംയുക്തമായി അഡ്‌നെക് സെന്ററിൽ സംഘടിപ്പിച്ച എക്‌സിബിഷനിൽ 55 പ്രമുഖ പ്രാദേശിക-അന്തർദേശീയ ഫാൽക്കൺ വളർത്തൽ കേന്ദ്രങ്ങളാണ് പങ്കെടുത്തത്. എമിറാത്തി, ഗൾഫ് പാരമ്പര്യത്തിലും സംസ്കാരത്തിലും പരുന്തുകൾക്കുള്ള പ്രാധാന്യമാണ് ഇത്തരം ലേലങ്ങളിലെ വലിയ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്.

You may also like