28
യുഎഇ : രാജ്യാന്തര പണമിടപാടുകൾ, വിദേശനാണ്യ വിനിമയം, ഫിൻടെക് സേവനങ്ങൾ എന്നിവ നൽകുന്ന പ്രമുഖ ആഗോള ധനകാര്യ സേവന ഗ്രൂപ്പായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് (LFH), യുഎഇയിലെ ബിസിനസുകൾക്ക് ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതി മാറ്റുന്നതിനായി പർപ്പിൾപ്ലമ്മുമായി (PurplePlum) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയാണ് പർപ്പിൾപ്ലം.
ഈ സഹകരണത്തിലൂടെ പർപ്പിൾപ്ലമ്മിന്റെ കോർ-അഗ്നോസ്റ്റിക് ഓർക്കസ്ട്രേഷൻ പ്ലാറ്റ്ഫോം, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എസ്എംഇ (SME) കേന്ദ്രീകൃത സേവനമായ ‘ലുലു മണി ബിസിനസിന്റെ’ ഭാഗമാകും. നിലവിലുള്ള ബാങ്കിംഗ് അടിസ്ഥാനസൗകര്യങ്ങൾ, പേയ്മെന്റ് സംവിധാനങ്ങൾ, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവ പരസ്പരം ബന്ധിപ്പിച്ച് ബിസിനസുകൾക്ക് പണമിടപാടുകളും സാമ്പത്തിക കാര്യങ്ങളും കൂടുതൽ ലളിതമായി കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കും.
ആദ്യഘട്ടത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വൻകിട ബിസിനസ് ഉപഭോക്താക്കൾക്കുമായി ലുലു മണി ബിസിനസിന്റെ ബാങ്കിംഗ് സേവനങ്ങളെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസുള്ള ഇസ്ലാമിക് ബാങ്കായ ‘റുയ’ (ruya) നൽകുന്ന ഡിജിറ്റൽ ബിസിനസ് അക്കൗണ്ടുകൾക്കൊപ്പം പേയ്മെന്റുകൾ, കാർഡുകൾ, രാജ്യാന്തര പണമിടപാടുകൾ, ശമ്പള വിതരണ സേവനങ്ങൾ എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നു. അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങളുടെ പിന്തുണയുമുണ്ട്.
യുഎഇയിലെ മൊത്തം കമ്പനികളിൽ ഏകദേശം 95 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളാണെന്നിരിക്കെ, ഈ മേഖലയ്ക്ക് കൂടുതൽ സമഗ്രമായ ധനകാര്യ സേവനങ്ങൾ നൽകാനാണ് ലുലു മണി ബിസിനസ് ലക്ഷ്യമിടുന്നത്. പ്രവർത്തന മൂലധന വായ്പകൾ, വ്യാപാര ധനസഹായം, അക്കൗണ്ടിംഗ് ഓട്ടോമേഷൻ എന്നിവയുൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾ വരുംകാലങ്ങളിൽ നടപ്പിലാക്കാൻ പദ്ധതിയുണ്ട്. യുഎഇക്ക് പുറമെ ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകളിലേക്കും ഈ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലക്ഷ്യമിടുന്നുണ്ട്.