യുഎഇ: യുഎഇയിൽ നിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഏപ്രിൽ 30 വരെ കൊച്ചി, കോഴിക്കോട്, മംഗളൂരു തുടങ്ങി പ്രധാന സെക്ടറുകളിലേക്കാണ് പുതിയ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് നേരത്തെ വെട്ടിക്കുറച്ച സർവീസുകളാണ് ഇപ്പോൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.
നിലവിൽ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. എന്നാൽ മെയ് ഒന്ന് മുതൽ ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ വിപണിയിൽ മത്സരം മുറുകുമെന്നും, ഇത് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷ.
silvya
വിലക്കയറ്റവും വിപണിയിലെ കൃത്രിമത്വവും;കർശന നടപടികളുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
യുഎഇ: ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന രീതിയിൽ വിപണിയിൽ കൃത്രിമമായി വില വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. 2023-ലെ 36-ാം നമ്പർ ഫെഡറൽ നിയമപ്രകാരം (Competition Law) വിപണിയിലെ മത്സര നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കുറഞ്ഞത് 1,00,000 ദിർഹം മുതൽ ആകെ വാർഷിക വിറ്റുവരവിന്റെ (Annual Sales) 10 ശതമാനം വരെ പിഴ ചുമത്താം.
വാർഷിക വിറ്റുവരവ് കൃത്യമായി ബോധിപ്പിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കുറഞ്ഞത് 5,00,000 ദിർഹം മുതൽ 50,00,000 ദിർഹം വരെ പിഴ നൽകേണ്ടി വരും.
ഷാർജയിൽ വിദ്യാഭ്യാസത്തിന്റെ പുതിയ അധ്യായം; ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഷാർജ: ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ട വിദ്യാഭ്യാസ മാതൃകയുമായി ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. വർഷങ്ങളുടെ അധ്യാപന പരിചയമുള്ള ഒരു കൂട്ടം അധ്യാപകർ നേരിട്ട് മാനേജ്മെന്റ് ചുമതലകൾ വഹിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ മാനേജ്മെന്റ് രീതികളിൽ നിന്ന് മാറി, അധ്യാപകർ തന്നെ നേതൃത്വം നൽകുന്നതിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാങ്കേതികവിദ്യയ്ക്ക് മുൻതൂക്കം നൽകുന്ന ആധുനിക ക്യാമ്പസാണ് സ്കൂളിന്റെ മറ്റൊരു ആകർഷണം. പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടുത്തിയുള്ള പഠനരീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതിലൂടെ വിദ്യാർത്ഥികളുടെ വിശകലന ശേഷിയും ക്രിയാത്മക ചിന്തയും വളർത്താൻ സാധിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. പഠനത്തോടൊപ്പം കായികം, കല, മറ്റ് സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അധ്യാപകർക്ക് ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ സാധിക്കും. സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന അത്യാധുനിക ക്ലാസ് മുറികളും സാങ്കേതിക സംവിധാനങ്ങളും ക്യാമ്പസിലുണ്ട്.
മാനേജിംഗ് ഡയറക്ടർ നുജൂം എൻ റാവുത്തർ, പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, അഡ്മിൻ ഡയറക്ടർ ഫെറാജ് ഷാഹുൽ ഹമീദ്, അക്കാദമിക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാൻ എന്നിവരാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഷാർജയിലെ വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്ക് സ്കൂൾ തുടക്കം കുറിക്കുമെന്നും അവർ അറിയിച്ചു.
കടലാമകൾക്ക് പുനർജന്മം: കടലാമകൾ തിരികെ കടലിലേക്ക് മടങ്ങി- ഫുജൈറ നാമ ബീച്ചിൽ ഇന്ന് കടലാമകളുടെമ റിലീസ് ഇവന്റ് നടന്നു
ഫുജൈറ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി. വിവിധ കാരണങ്ങളാൽ അവശതയിലാവുകയും പിന്നീട് ഫുജൈറ റിസർച്ച് സെന്ററിൽ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത ഹരിത കടലാമകളെ (Green Sea Turtles) അധികൃതർ വിജയകരമായി കടലിലേക്ക് തുറന്നുവിട്ടു. നീമ റിസോർട്ട് ആൻഡ് വില്ലാസ് ബീച്ചിൽ നടന്ന ചടങ്ങിൽ വിവിധ പ്രായത്തിലുള്ള കടലാമകളെയാണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കി അയച്ചത്.
അറ്റ്ലാന്റിസ് ദി പാം ഗ്രൂപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന വിപുലമായ ഗവേഷണ പദ്ധതിയുടെ ഭാഗമായാണിത്. കടലാമകളുടെ സഞ്ചാരപഥം, പ്രജനന ശീലങ്ങൾ, അവ ഇഷ്ടപ്പെടുന്ന തീരങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഇവയിൽ അത്യാധുനിക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഫുജൈറയുടെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ നിലനിർത്തുന്നതിനും ഈ വിവരങ്ങൾ ഏറെ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പവിഴപ്പുറ്റുകളുടെ കൃഷിയിലൂടെ കടലാമകളുടെ ആവാസകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സമുദ്രജീവികളുടെ സംരക്ഷണത്തിനായി പൊതുജനങ്ങളുടെ സഹകരണം അതോറിറ്റി അഭ്യർത്ഥിച്ചു. കടലാമകൾ അപകടത്തിൽപ്പെട്ടതോ അസുഖം ബാധിച്ചതോ ആയി ശ്രദ്ധയിൽപ്പെട്ടാൽ 800TURTLE (800 887853) എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്.
മരണപ്പെട്ടവരുടെ പേരിലുള്ള വാഹനങ്ങൾ അനുമതിയില്ലാതെ ഓടിച്ചാൽ പിഴയും കണ്ടുകെട്ടലും; നിയമം കടുപ്പിച്ച് സൗദി
സൗദി: സൗദി അറേബ്യയിൽ മരണപ്പെട്ട വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ നിയമപരമായ അനുമതിയില്ലാതെ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (68)-ൽ വരുത്തിയ പുതിയ ഭേദഗതി പ്രകാരം, ഉടമയുടെ മരണശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുകയോ അല്ലെങ്കിൽ നിയമപരമായ ‘അതറൈസേഷൻ’ (Authorization) നേടുകയോ ചെയ്യാതെ നിരത്തിലിറക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
ഇത്തരത്തിൽ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുന്നതാണ്. പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ നിയമപരമായ രേഖകൾ ശരിയാക്കി പദവി (Status) നിയമവിധേയമാക്കുന്നത് വരെ ട്രാഫിക് വിഭാഗം വാഹനം കണ്ടുകെട്ടുകയും ചെയ്യും. മരണപ്പെട്ടവരുടെ പേരിലുള്ള വാഹനങ്ങൾ അനന്തരാവകാശികൾ കൃത്യമായ നടപടിക്രമങ്ങളിലൂടെ സ്വന്തം പേരിലേക്ക് മാറ്റുകയോ നിയമപരമായ അനുമതി ഉറപ്പാക്കുകയോ ചെയ്യണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
അബുദാബിയിലെ BAPS ഹിന്ദു മന്ദിർ തുറന്നു: യുഎഇ പതാകയുമേന്തി ആയിരക്കണക്കിന് ഭക്തർ
അബുദാബി: അബുദാബിയിലെ ബാപ്സ് (BAPS) ഹിന്ദു മന്ദിർ സന്ദർശകർക്കായി വീണ്ടും തുറന്നപ്പോൾ ദൃശ്യമായത് യുഎഇയുടെ സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും ഉദാത്തമായ കാഴ്ചകൾ. താൽക്കാലികമായി അടച്ചിട്ടിരുന്ന ക്ഷേത്രം പുനരാരംഭിച്ച ആദ്യദിനം തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി ഒഴുകിയെത്തിയത്.
യുഎഇ എന്ന രാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ദേശീയ പതാകയുമേന്തിയാണ് ഭക്തരിൽ ഭൂരിഭാഗവും ക്ഷേത്ര പരിസരത്ത് എത്തിയത് എന്നത് ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കൊപ്പം മുതിർന്ന എമിറാത്തി ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കുചേർന്നു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ആഗോള മാതൃകയായി യുഎഇ മാറുന്നതിന്റെ പ്രതിഫലനമാണ് ക്ഷേത്രത്തിലെ ഈ ജനത്തിരക്കും പതാകയുമേന്തിയുള്ള പ്രകടനവുമെന്ന് അധികൃതർ വിലയിരുത്തി.
ടിക്കറ്റില്ലാതെ വിമാനത്താവളം സന്ദർശിക്കാം;പുതുമയാർന്ന അവസരവുമായി അബുദാബി സായിദ് ഇന്റർനാഷണൽ എയർപോർട്ട്
അബുദാബി: ടിക്കറ്റില്ലാതെ വിമാനത്താവളം സന്ദർശിക്കാം. പുതുമയാർന്ന അവസരവുമായി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനയാത്ര പ്ലാൻ ചെയ്യുന്നവർക്ക് മാത്രമല്ല, സാധാരണക്കാർക്കും വിമാനത്താവളത്തിലെ ലോകോത്തര ഷോപ്പിംഗ്, വിനോദ സൗകര്യങ്ങൾ നേരിട്ട് അനുഭവിക്കാനുള്ള അപൂർവ്വ അവസരമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിനിലൂടെ സാധാരണയായി യാത്രക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലകളിലേക്ക് ക്യുആർ കോഡുള്ള ഡിജിറ്റൽ സെക്യൂരിറ്റി പാസ് വഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാം. ഇതിനായി സന്ദർശകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിമാനത്താവളത്തെ ഒരു മികച്ച ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി കൂടി മാറ്റുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
യുഎഇ പ്രസിഡന്റും അജ്മാൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി; രാജ്യപുരോഗതിയും ജനക്ഷേമവും ചർച്ചയായി
അജ്മാൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി. അജ്മാനിൽ വെച്ച് നടന്ന ഈ സൗഹൃദ കൂടിക്കാഴ്ചയിൽ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയും സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളെക്കുറിച്ചും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും നേതാക്കൾ വിശദമായ ചർച്ചകൾ നടത്തി.
സ്വദേശികളുടെ ശാക്തീകരണമാണ് രാജ്യത്തിന്റെ വികസന നയങ്ങളുടെ കേന്ദ്രബിന്ദുവെന്നും ഇത് ദേശീയ മുൻഗണനയായി എന്നും നിലനിൽക്കുമെന്നും കൂടിക്കാഴ്ചയിൽ നേതാക്കൾ ആവർത്തിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമൂഹിക ഐക്യവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും വിനിയോഗിക്കുന്ന ഒരു വികസന മാതൃകയുമായി യുഎഇ മുന്നോട്ട് പോകുമെന്ന് ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് ഹുമൈദും വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിച്ച നേതാക്കൾ, ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
യുഎഇയിൽ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾ വഴി വ്യാപക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ദുബായ്: ട്രാഫിക് പിഴകളുടെ പേരിൽ നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തെ പ്രമുഖ പൊതു പാർക്കിങ് സേവന ദാതാക്കളായ ‘പാർക്കിൻ’ (Parkin) കമ്പനിയാണ് തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിൽ ട്രാഫിക് പിഴകൾ അടയ്ക്കാനുണ്ടെന്ന് കാണിച്ച് മൊബൈൽ ഫോണുകളിലേക്ക് സന്ദേശമെത്തും.
പണം അടയ്ക്കുന്നതിനായി സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകും. ഇത് പലപ്പോഴും ബാങ്ക് വിവരങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും ചോർത്താനുള്ള ഫിഷിങ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കായിരിക്കും.