ദുബായ് : രോഗികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ദുബായ് ഹെൽത്ത് പുതിയ സ്മാർട്ട് പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിക്കുന്നു. ‘പാർക്കിൻ കമ്പനിയുമായുള്ള’ (Parkin Company) ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. സെപ്റ്റംബർ 21 മുതൽ റാഷിദ് ആശുപത്രിയിലാണ് ഇതിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ആശുപത്രികൾ സന്ദർശിക്കുന്ന രോഗികൾക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവർ, ഡോക്ടർമാരുടെ പരിശോധനയ്ക്കോ ലബോറട്ടറി അപ്പോയിന്റ്മെന്റുകൾക്കോ എത്തുന്നവർ, വാക്ക്-ഇൻ സേവനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കെല്ലാം സന്ദർശന വേളയിൽ സൗജന്യ പാർക്കിംഗ് ആനുകൂല്യം തുടർന്നും ലഭിക്കും.
Author
Raneesha Razak
അബുദാബി : വളർത്തുമൃഗങ്ങളുടെ ഉടമകൾക്കായി അബുദാബിയിൽ പ്രത്യേക സംഗമമൊരുങ്ങുന്നു. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 വ്യാഴം മുതൽ 27 ശനി വരെ അൽ ശംഖ സ്ക്വയറിലാണ് (Al Shamkha Square) മൂന്ന് ദിവസത്തെ ‘പെറ്റ് ലവേഴ്സ് ഗാതറിങ്’ (Pet Lovers’ Gathering) സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെയാണ് പരിപാടി നടക്കുന്നത്. ജോലി കഴിഞ്ഞോ വാരാന്ത്യ ഒഴിവ് സമയങ്ങളിലോ വളർത്തുമൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.
ദുബായ് : യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സേവനവുമായി അൽഹിന്ദ് ഗ്ലോബൽ സർവീസസ്. പ്രവൃത്തിദിവസങ്ങളിൽ തിരക്കു കാരണം പാസ്പോർട്ട് ശേഖരിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ചകളിൽ പാസ്പോർട്ട് കളക്ഷൻ കൗണ്ടറുകൾ ആരംഭിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്രത്യേക സേവനം ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പ്രവർത്തനമാരംഭിച്ച അൽഹിന്ദ്, തുടക്കത്തിലുണ്ടായിരുന്ന വലിയ ബാക്ക്ലോഗുകൾ പൂർണ്ണമായി പരിഹരിച്ചതായും ഇപ്പോൾ എല്ലാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ എളുപ്പത്തിൽ ലഭ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ് : ദുബായ് ഭരണാധികാരിയുടെ ഇളയ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു വിയോഗമെന്ന് ദുബായ് ഭരണാധികാരിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാജ്യത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടും. സഹോദരന്റെ വിയോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. “എന്റെ സഹോദരാ, അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വിയോഗത്തിൽ അനുശോചനം അറിയിച്ചു.
ഷാർജ : ഷാർജയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക്സ് ഇടനാഴിയിലൂടെയുള്ള ചരക്കുനീക്കത്തിൽ വൻ വർദ്ധനവ്. പ്രവർത്തനം ആരംഭിച്ച ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 1.7 ബില്യൺ ദിർഹം (170 കോടി) മൂല്യമുള്ള ചരക്കുകളാണ് ഈ പാതയിലൂടെ കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 66.26 ശതമാനത്തിന്റെ വർദ്ധനവാണ് വ്യാപാര രംഗത്തുണ്ടായിരിക്കുന്നത്. ഈ കാലയളവിൽ 34,000-ത്തിലധികം ട്രക്കുകൾ ഈ ഇടനാഴിയിലൂടെ കടന്നുപോയതായും കസ്റ്റംസ് അധികൃതർ 32,000-ത്തിലധികം ഡിക്ലറേഷനുകൾ പ്രോസസ്സ് ചെയ്തതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം വേഗത്തിലാക്കാനും പ്രാദേശിക സപ്ലൈ ചെയിൻ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റിയും ഒമാൻ കസ്റ്റംസും ചേർന്ന് ഈ പദ്ധതി ആരംഭിച്ചത്.
ഫുജൈറയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള ചരക്കുനീക്കവുമായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്
written by Raneesha Razak
അബുദാബി : ഇറക്കുമതി-കയറ്റുമതി വ്യാപാരികൾക്ക് വലിയ ആശ്വാസമായി ഫുജൈറ ടെർമിനലുകളെയും അബുദാബി ഇൻഡസ്ട്രിയൽ സിറ്റിയെയും (ICAD) ബന്ധിപ്പിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ ഫ്രൈറ്റും എഡി പോർട്സ് ഗ്രൂപ്പും ചേർന്ന് നേരിട്ടുള്ള ചരക്കുതീവണ്ടി സേവനം ആരംഭിച്ചു. ഫാക്ടറികൾക്കും വെയർഹൗസുകൾക്കുമടുത്ത് ചരക്കുകൾ എത്തിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐകാഡിൽ (ICAD) സജ്ജീകരിച്ചിട്ടുള്ള ഇൻലാൻഡ് കാർഗോ ഗേറ്റ്വേയിലൂടെ കസ്റ്റംസ് ക്ലിയറൻസും പരിശോധനകളും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഫുജൈറയിൽ ചരക്കെത്തിയ ശേഷം റോഡ് മാർഗ്ഗമുള്ള ഗതാഗതം പരമാവധി കുറയ്ക്കാനും ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാനും ഈ പുതിയ റെയിൽ സേവനം സഹായകമാകും.
ഷാർജ സഫാരി അഞ്ചാം സീസണിനായി ഇന്ന് തുറക്കുന്നു; പുതുതായി എത്തിയത് 186 ജീവികൾ
written by Raneesha Razak
ഷാർജ : മൃഗങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന ഷാർജ സഫാരി അഞ്ചാം സീസണിനായി ഇന്ന് (സെപ്റ്റംബർ 21) വീണ്ടും തുറക്കുന്നു. മെയ് മാസം മുതൽ അടച്ചിട്ടിരുന്ന ഈ പ്രശസ്തമായ കുടുംബ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് പുതിയ കാഴ്ചകളോടെ സന്ദർശകരെ വരവേൽക്കുന്നത്. വിജയകരമായ ബ്രീഡിങ്, മൃഗസംരക്ഷണ പരിപാടികൾ എന്നിവയുടെ ഭാഗമായി പുതിയ അതിഥികളായ 186 ജീവികളാണ് ഇത്തവണ സഫാരിയിലുള്ളത്. ദക്ഷിണാഫ്രിക്കൻ ജിറാഫുകൾ, ആനകൾ, സിംഹങ്ങൾ, ഒറിക്സ്, ബ്ലൂ വൈൽഡ് ബീസ്റ്റ്, ഇമ്പാല, നിയാല, സീബ്ര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സന്ദർശകർക്ക് കൂടുതൽ മികച്ച വന്യജീവി അനുഭവം സമ്മാനിക്കുന്നതിനൊപ്പം പ്രകൃതിയോടുള്ള കരുതലും ഉത്തരവാദിത്തവും വളർത്താൻ ലക്ഷ്യമിട്ടാണ് പുതിയ സീസൺ ഒരുക്കിയിരിക്കുന്നതെന്ന് ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റി (EPAA) ചെയർപേഴ്സൺ ആയിഷ റാഷിദ് ഡീമാസ് വ്യക്തമാക്കി.
ദുബായ് : യുഎഇയിൽ ബുധനാഴ്ച (സെപ്റ്റംബർ 23) പുലർച്ചെ 4.05-ഓടെ ജ്യോതിശാസ്ത്രപരമായി ശരത്കാലത്തിന് (Autumn) തുടക്കമാകും. ഇതോടെ രാജ്യത്ത് താപനില ക്രമാനുഗതമായി കുറയാൻ തുടങ്ങുകയും വരും മാസങ്ങളിൽ മഴയ്ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ശരത്കാലത്തിന്റെ തുടക്കത്തിൽ പകലും രാത്രിയും തുല്യമായിരിക്കുമെങ്കിലും പിന്നീട് രാത്രുകൾ നീളാൻ തുടങ്ങും. സീസണിന്റെ തുടക്കത്തിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമാകും. നവംബർ ആദ്യവാരമാകുമ്പോൾ താപനില ഗണ്യമായി കുറഞ്ഞ് ഉയർന്ന താപനില 31 ഡിഗ്രിയിലേക്കും കുറഞ്ഞ താപനില 18 ഡിഗ്രിയിലേക്കും എത്തും. ഡിസംബർ 22-ഓടെ ശീതകാല അയനത്തിലേക്ക് കടക്കുമ്പോൾ താപനില വീണ്ടും കുറയും. ആദ്യപകുതിയിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ പുലർച്ചെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കൂടാതെ ഈ കാലയളവ് കൃഷിക്കായി വിത്തിടാനും തൈകൾ നടാനും ഏറ്റവും അനുയോജ്യമായ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി : ആധുനിക പോലീസിംഗിന്റെ ആവശ്യകതകൾക്കനുസൃതമായി ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, അൽ ഐനിലെ പോലീസ് ക്വാളിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 49-ാമത് പോലീസ് ആൻഡ് സെക്യൂരിറ്റി യോഗ്യതാ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 202 ട്രെയിനികൾ ബിരുദം നേടി. സൈഫ് ബിൻ സായിദ് അക്കാദമി ഫോർ സെക്യൂരിറ്റി ആൻഡ് പോലീസിംഗ് സയൻസസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ഹമദ് അൽ കഅബി, പോലീസ് ക്വാളിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ കേണൽ ഡോ. മുബാറക് സലേം അൽ അമീരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കിയത്. ആധുനിക സുരക്ഷാ വെല്ലുവിളികളെ നേരിടാനും മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കാനും ഉയർന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്നതിൽ അബുദാബി പോലീസ് നൽകുന്ന പ്രാധാന്യം ബ്രിഗേഡിയർ അൽ കഅബി എടുത്തുപറഞ്ഞു. അച്ചടക്കവും ഉത്തരവാദിത്തബോധവും കൈവിടാതെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ അദ്ദേഹം വിജയികളെ ഓർമ്മിപ്പിച്ചു.
യഥാർത്ഥ ശിൽപികൾ അധ്യാപകരാണ്; എഐക്ക് ഒരിക്കലും പകരമാനാകില്ലെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
written by Raneesha Razak
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) അധ്യാപകരുടെ പങ്ക് ഒരിക്കലും ഏറ്റെടുക്കാനാകില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും മൂല്യങ്ങൾ വളർത്തുന്നതിലും അധ്യാപകർക്കുള്ള പങ്ക് അതുതുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ‘Lessons From Life’ എന്ന പുസ്തകത്തിലെ ‘The Letters’ എന്ന ഭാഗത്താണ് അധ്യാപകരെക്കുറിച്ചുള്ള വിലയേറിയ നിരീക്ഷണങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തലമുറകളെ വാർത്തെടുക്കുന്നവരും മനസ്സിനെ രൂപപ്പെടുത്തുന്നവരുമാണ് അധ്യാപകരെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അറിവ് പകർന്നു നൽകുക മാത്രമല്ല, ആ അറിവ് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടതെന്നും ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു.