5
ദുബായ് : യാത്രക്കാരെയും ചരക്കുകളും സേവനങ്ങളും ഭൂമിക്കടിയിലൂടെ കൊണ്ടുപോകുന്നതിനായി സംയോജിത ഭൂഗർഭ ഗതാഗത ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് ദുബായ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ ‘ത്രിമാന തലത്തിലുള്ള ദുബായ് മൊബിലിറ്റിയുടെ ഭാവി’ എന്ന സെഷനിൽ സംസാരിക്കവെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഡയറക്ടർ ജനറൽ മത്തർ അൽ തായറാണ് ഈ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഭൂമിക്ക് മുകളിലും ആകാശത്തും ഭൂമിക്കടിയിലുമായി മൂന്ന് തലങ്ങളിലായാണ് ദുബായുടെ ഭാവി ഗതാഗത സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നത്.
ഭൂമിക്കടിയിലെ ഗതാഗത ശൃംഖലയ്ക്ക് പുറമെ, ആകാശ ഗതാഗതത്തിന്റെ ഭാഗമായുള്ള എയർ ടാക്സി സർവീസുകളുടെ ആദ്യ നഗര പരീക്ഷണ പറക്കലുകളും ആദ്യ സ്റ്റേഷൻ തുറക്കലും ഈ വർഷം തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ ഉപരിതല ഗതാഗതത്തിൽ 2030ഓടെ നാലിലൊന്ന് യാത്രകളും സ്വയം നിയന്ത്രിത (ഓട്ടോണമസ്) സംവിധാനത്തിലേക്ക് മാറ്റാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഓട്ടോണമസ് ടാക്സികൾ നാല് ദശലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.