Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:03 PM

യുഎഇയിൽ ഇന്ധനവില 16 ശതമാനത്തിലേറെ വർദ്ധിച്ചു

by Raneesha Razak

ദുബായ് : ഒക്ടോബർ മാസത്തിൽ യുഎഇയിൽ ഇന്ധനവിലയിൽ 16 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയതോടെ, ദൈനംദിന യാത്രാച്ചെലവുകൾ ചുരുക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ. സ്വന്തം വാഹനം വീട്ടിലിട്ട് ദുബായ് മെട്രോയെ ആശ്രയിക്കുക, കമ്പനികളോട് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ആവശ്യപ്പെടുക, മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള ക്ലയന്റുകളുടെ സന്ദർശനം ഒറ്റ ദിവസത്തേക്ക് മാറ്റുക എന്നിവയാണ് ഭൂരിഭാഗം പേരും ലക്ഷ്യമിടുന്നത്.

അൽ ഖുസൈസിൽ താമസിക്കുന്ന അൽവിൻ പിന്റോ, ജെഎൽടിയിലുള്ള (JLT) ഓഫീസിലേക്ക് ഇനി മുതൽ ദുബായ് മെട്രോയിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസം തോറും പെട്രോളിനായി 700 മുതൽ 800 ദിർഹം വരെ ചെലവാകുന്ന സ്ഥാനത്ത് 350 ദിർഹത്തിന്റെ നോൾ പാസ് (Nol Pass) ഉപയോഗിക്കുന്നതിലൂടെ പകുതിയോളം തുക ലാഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അജ്മാനിൽ നിന്ന് ഡെയ്‌റയിലെ ഓഫീസിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ഷബീർ അഹമ്മദ്, ആഴ്ചയിൽ ചില ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിമാസം 1200 ദിർഹത്തിലേറെ പെട്രോളിന് ചെലവിടുന്ന ഇദ്ദേഹത്തിന് പുതിയ വിലക്കയറ്റത്തോടെ ഇത് 1500 ദിർഹത്തിന് മുകളിലാകും

ഷാർജയിൽ നിന്ന് ദുബായിലേക്ക് പ്രൈവറ്റ് കാർ ലിഫ്റ്റുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും തിരിച്ചടിയുണ്ട്. ഇന്ധനവില ഉയർന്നതോടെ കാർ ലിഫ്റ്റ് കമ്പനികൾ മാസാന്ത നിരക്കുകളിൽ 30 ദിർഹം വരെ വർദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലെ ജോലി ആവശ്യങ്ങൾക്കും യാത്രകൾക്കുമായി പബ്ലിക് ട്രാൻസ്പോർട്ടിനെ കൂടുതലായി ഉപയോഗപ്പെടുത്താനാണ് പ്രവാസികളുടെ തീരുമാനം.

You may also like