ദുബായ് : അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ‘എയർപോർട്ട് എക്സ്പ്രസ് ലൈൻ’ (Airport Express Line) പദ്ധതിയുടെ പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാകാൻ കുറഞ്ഞത് ഒരു വർഷത്തോളം സമയമെടുക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദുബായ് എയർപോർട്ട്സുമായി സഹകരിച്ചാണ് ആർടിഎ പഠനങ്ങൾ നടത്തുന്നത്. വാണിജ്യപരമായ വിലയിരുത്തലുകൾ നടന്നു വരുന്നതിനാൽ ഘടനാപരമായ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള മെട്രോ-റെയിൽ ശൃംഖലകളുമായും ഭാവി വികസന പദ്ധതികളുമായും കോർത്തിണക്കിയാണ് എക്സ്പ്രസ് ലൈൻ രൂപകൽപ്പന ചെയ്യുന്നത്. ഇരു വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ സമീപ പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഭൂമിവിലയിലും വൻ വർദ്ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.
18