Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:21 PM

യുഎഇയിൽ സ്കൂളുകൾ തുറന്നു, റോഡുകളിൽ വീണ്ടും ഗതാഗതക്കുരുക്ക്

by Raneesha Razak

ദുബായ്: വേനലവധിക്കുശേഷം യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ പ്രധാന പാതകളിലും സ്കൂൾ മേഖലകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയെത്തുന്ന സ്കൂൾ സമയവും ഓഫീസുകളിലേക്കുള്ള തിരക്കും ഒന്നിച്ചെത്തുന്നതാണ് റോഡുകളിൽ വലിയ ക്യൂവിന് കാരണമാകുന്നത്. രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള വീടുകളിലേക്ക് മടങ്ങാൻ പോലും സ്കൂൾ ബസുകൾക്ക് 40 മിനിറ്റോളം സമയം എടുക്കേണ്ടി വരുന്നുവെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. ദുബായ്, അജ്മാൻ, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെല്ലാം ഈ തിരക്ക് ദൃശ്യമാണ്.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നടത്തിയ സർവേ പ്രകാരം 47 ശതമാനം വിദ്യാർത്ഥികളും സ്വകാര്യ വാഹനങ്ങളിലാണ് സ്കൂളുകളിലെത്തുന്നത്. 44 ശതമാനം പേർ മാത്രമാണ് സ്കൂൾ ബസുകളെ ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വാദി അൽ സഫ 4, അൽ ബർഷ, ഉം അൽ ഷീഫ്, ദുബായ് മോട്ടോർ സിറ്റി, അൽ സുഫൂഹ് എന്നിവിടങ്ങളിലെ സ്കൂൾ മേഖലകളിൽ ആർടിഎ പുതിയ റോഡുകളും അധിക പാർക്കിംഗ് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അൽ ജസ്സത്ത്, അൽ ഹസാന മേഖലകളിൽ ഷാർജ ആർടിഎയും റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വരും ആഴ്ചകളിൽ സ്കൂൾ സമയങ്ങളുമായി ജനങ്ങൾ പൊരുത്തപ്പെടുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

You may also like