69
ഷാർജ : ഷാർജയ്ക്കും ദുബൈക്കുമിടയിൽ ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമേകി അൽ തആവുൻ തുരങ്ക പാതയുടെ ആദ്യഘട്ടം വരുന്നു. അൽ തആവുൻ റൗണ്ട് എബൗട്ടിന് അടിയിലൂടെ നിർമിക്കുന്ന 500 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്ക പാതയുടെ ഒന്നാം ഘട്ടം നവംബറിൽ തുറന്നു കൊടുക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി ഈ ഭാഗത്തെ ഗതാഗതം സജ്ജമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പദ്ധതി പൂർണ്ണമായും കമ്മീഷൻ ചെയ്യുന്നതോടെ സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും അനുഭവപ്പെടുന്ന കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയും.
അൽ തആവുൻ സ്ട്രീറ്റിനെ അൽ നഹ്ദ ബ്രിഡ്ജുമായും ദുബായിയുമായും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ തുരങ്ക പാത. അൽ തആവുൻ റൗണ്ട് എബൗട്ടിലെ ഉപരിതല ഗതാഗത കുരുക്കിൽ പെടാതെ വാഹനങ്ങൾക്ക് ഇനി തടസ്സമില്ലാതെ മുന്നോട്ട് കുതിക്കാം. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്. 2027 ഫെബ്രുവരിയിലായിരിക്കും പദ്ധതി പൂർണ്ണമായി പൂർത്തിയാകുക.