Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:27 PM

ദുബായ് അന്താരാഷ്ട്ര ഖുർആൻ അവാർഡ് പ്രഖ്യാപിച്ചു; സമ്മാനത്തുക 33 ലക്ഷം ഡോളർ

by Raneesha Razak

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ മനഃപാഠമാക്കൽ മത്സരങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന്റെ (DIHQA) 29-ാമത് എഡിഷൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. ആകെ 3.3 മില്യൺ (33 ലക്ഷം) യുഎസ് ഡോളറിന്റെ വമ്പൻ സമ്മാനത്തുകയാണ് ഈ വർഷത്തെ അവാർഡുകൾക്കായി നീക്കിവെച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ 105 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം പേർ പങ്കെടുത്ത മത്സരത്തിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ഔദ്യോഗിക വെബ്സൈറ്റായ Quran.gov.ae വഴി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമായി മൂന്ന് വിഭാഗങ്ങളിലായാണ് ഇത്തവണ പുരസ്കാരങ്ങൾ നൽകുന്നത്. 16 വയസ്സും അതിനുമുകളിലുള്ളവരുമായ പുരുഷന്മാർക്കുള്ള ഒന്നാം വിഭാഗം, 16 വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള രണ്ടാം വിഭാഗം, ഇസ്‌ലാമിക സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയവർക്കുള്ള ‘ഗ്ലോബൽ ഖുർആനിക് പേഴ്സണാലിറ്റി’ എന്ന മൂന്നാം വിഭാഗം എന്നിവയാണവ. ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1 മില്യൺ ഡോളറും, രണ്ടാം സ്ഥാനത്തിന് 1 ലക്ഷം ഡോളറും, മൂന്നാം സ്ഥാനത്തിന് 50,000 ഡോളറുമാണ് സമ്മാനം. മൂന്നാം വിഭാഗത്തിലെ ജേതാവിനും 1 മില്യൺ ഡോളർ സമ്മാനമായി ലഭിക്കും.

മത്സരത്തിൽ പങ്കാളികളാകുന്നവർ തജ്‌വീദ് നിയമങ്ങൾ കൃത്യമായി പാലിച്ച് ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കിയിരിക്കണം. ഒന്നാം വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2010 മെയ് 31-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. രണ്ടാം വിഭാഗത്തിലുള്ളവർ 2010 ജൂൺ 1-നോ അതിനുശേഷമോ ജനിച്ചവരും 16 വയസ്സ് കവിയാത്തവരുമായിരിക്കണം. മുൻപ് ഈ മത്സരത്തിന്റെ അന്തിമഘട്ടത്തിൽ എത്തുകയോ പുരസ്കാരം നേടുകയോ ചെയ്തവർക്ക് വീണ്ടും പങ്കെടുക്കാൻ അവസരമുണ്ടാകില്ല. മത്സരസമയത്ത് സ്വന്തം രാജ്യത്തിന്റെ ദേശീയ വസ്ത്രം ധരിക്കണമെന്നും യുഎഇയുടെ പൊതുനിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും നിബന്ധനയുണ്ട്.

You may also like