Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:07 AM

16.9 കോടി ദിർഹത്തിന്റെ ഉടമസ്ഥാവകാശ തർക്കക്കേസ് ദുബായ് കോടതി തള്ളി

by Raneesha Razak

ദുബായ് : ദുബായിൽ കമ്പനികളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് പ്രവാസി നൽകിയ 16.9 കോടിയിലധികം (169 മില്യൺ) ദിർഹത്തിന്റെ വൻ സാമ്പത്തിക തർക്കക്കേസ് ദുബായ് കോടതി തള്ളി. പരസ്യക്കമ്പനി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരാതിക്കാരന് രേഖാമൂലമുള്ള 51 ശതമാനം ഓഹരി പങ്കാളിത്തം കേവലം പേപ്പറിൽ മാത്രമുള്ളതാണെന്നും (Paper-based ownership), ഇത് യുഎഇയിലെ സ്പോൺസർഷിപ്പ് (ലക്കൽ പാർട്ണർ) ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും കണ്ടെത്തിയാണ് കോടതി നടപടി. പ്രതിഭാഗം സമർപ്പിച്ച എതിർ ഹർജി ശരിവെച്ച ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, കോടതി ചിലവുകളും പ്രതികൾക്ക് ആയിരം ദിർഹം നിയമസഹായ ഫീസും നൽകാൻ പരാതിക്കാരനോട് ഉത്തരവിട്ടു.

2000-മാണ്ടിൽ ആരംഭിച്ച ഒരു മാഗസിൻ സ്ഥാപനത്തിന്റെയും അനുബന്ധ പരസ്യക്കമ്പനിയുടെയും ഭൂരിഭാഗം ഓഹരികളും തനിക്കാണെന്ന് അവകാശപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ലാഭവിഹിതമായി 7.95 കോടി ദിർഹം, കമ്പനി ഫണ്ടിൽ നിന്ന് 3.27 കോടി ദിർഹം, അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് 3.69 കോടി ദിർഹം, മാനസിക-സാമ്പത്തിക നഷ്ടപരിഹാരമായി 2 കോടി ദിർഹം എന്നിങ്ങനെ വലിയൊരു തുകയാണ് ഇയാൾ ആവശ്യപ്പെട്ടത്. കൂടാതെ പ്രതികൾ കമ്പനിയിൽ ക്രമക്കേട് നടത്തിയതായും ഇയാൾ ആരോപിച്ചിരുന്നു.

എന്നാൽ, പരാതിക്കാരൻ കമ്പനിയിൽ യാതൊരുവിധ സാമ്പത്തിക നിക്ഷേപവും നടത്തിയിട്ടില്ലെന്നും കേവലം ഒരു രജിസ്റ്റേർഡ് സ്പോൺസർ മാത്രമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. താൻ ഓഹരികൾക്കായി പണം നൽകിയിട്ടില്ലെന്ന് കാണിച്ച് പരാതിക്കാരൻ ഒപ്പിട്ടുനൽകിയ രേഖകളും, സ്പോൺസർഷിപ്പ് ഫീസുമായി ബന്ധപ്പെട്ട രസീതുകളും പ്രതികൾ കോടതിയിൽ ഹാജരാക്കി. ഈ തെളിവുകളുടെയും വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഇത് യഥാർത്ഥ പങ്കാളിത്തമല്ലെന്നും വെറും സ്പോൺസർഷിപ്പ് കരാർ മാത്രമാണെന്നും കോടതി വിലയിരുത്തി. കമ്പനിയുടെ കടങ്ങൾ വീട്ടാൻ താൻ സ്വന്തം കൈയിൽ നിന്ന് 1.54 കോടി ദിർഹം നൽകിയെന്ന പരാതിക്കാരന്റെ വാദവും കൃത്യമായ ബാങ്ക് രേഖകളുടെ അഭാവത്തിൽ കോടതി തള്ളുകയായിരുന്നു.

You may also like