അബുദാബി : അത്യാധുനിക വ്യവസായ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലും ലോകത്തെ മുൻനിര രാജ്യമായി മാറാനുള്ള യുഎഇയുടെ കുതിപ്പിന് തെളിവാണ് ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ പ്രദർശനമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഹെർ ഹൈനസ് ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഈ എക്സിബിഷന്റെ ദ്രുതഗതിയിലുള്ള വളർച്ച യുഎഇയുടെ നിശ്ചയദാർഢ്യത്തെയാണ് കാണിക്കുന്നതെന്ന് അവർ പ്രശംസിച്ചു.
വ്യവസായ രംഗത്ത് ലോകത്തെ നയിക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ കണ്ടുപിടുത്തങ്ങളെയും ആധുനിക വ്യവസായ രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇ ആഗോള തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തെ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഇത്തരം പ്രദർശനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.