3
ഷാർജ : ഡിജിറ്റൽ കറൻസി ഉടമയെ തട്ടിക്കൊണ്ടുപോയി വധിക്കാൻ പദ്ധതിയിട്ട അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘത്തെ ഷാർജ പൊലീസ് പിടുകൂടി. ഡിജിറ്റൽ വാലറ്റിന്റെ കോഡ് കൈക്കലാക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ കൊലപാതകത്തിന് പദ്ധതിയിട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഷാർജ പൊലീസ് നടത്തിയ ‘എൻഡ് ഓഫ് ദി ബാറ്റിൽ’ (End of the Battle) എന്ന പ്രത്യേക ഓപ്പറേഷനിലൂടെയാണ് 12 രാജ്യങ്ങളിൽ നിന്നുള്ള 33 പ്രതികളെ അറസ്റ്റ് ചെയ്തത്.
ഹാക്കിങ്, ഡിജിറ്റൽ വാലറ്റ് മോഷണം, ഓൺലൈൻ തട്ടിപ്പ്, കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന നാല് ക്രിമിനൽ സംഘങ്ങളെയാണ് പൊലീസ് തകർത്തത്. ലോകമെമ്പാടുമുള്ള 30-ലധികം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 65 ബില്യൺ ദിർഹം വിലമതിക്കുന്ന ആസ്തികളും അധികൃതർ സുരക്ഷിതമാക്കി. ഇരയ്ക്കെതിരായ അക്രമങ്ങൾ നടത്തുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് ഇടപെട്ട് പ്രതികളെ പിടികൂടിയതെന്ന് ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ബോർഡർ സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉമർ അഹമ്മദ് അബു അൽ സൗദ് വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.