Loading info...
Home UAE NewsAbudhabiപ്രവാസികൾക്ക് ലുലുവിന്റെ ‘വിഷുക്കൈനീട്ടം’- കണിക്കൊന്നയും സദ്യവട്ടങ്ങളുമായി ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങി

പ്രവാസികൾക്ക് ലുലുവിന്റെ ‘വിഷുക്കൈനീട്ടം’- കണിക്കൊന്നയും സദ്യവട്ടങ്ങളുമായി ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങി

3200 ടണ്ണോളം പഴം, പച്ചക്കറി ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്

by silvya

ദുബായ്: പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കേരളത്തിൽ നിന്നുള്ള വിഭവങ്ങളുമായി ലുലു ഗ്രൂപ്പ്. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി 3200 ടണ്ണോളം പഴം, പച്ചക്കറി ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സ് വഴി നേരിട്ട് സംഭരിച്ച ഉത്പന്നങ്ങളാണ് പ്രവാസികൾക്കായി വിപണിയിലെത്തുന്നത്.
നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനത്തിൽ മാത്രം 100 ടൺ പച്ചക്കറികളാണ് കൊച്ചിയിൽ നിന്ന് അബുദാബിയിലെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. വിഷുക്കണിയൊരുക്കാൻ കണിക്കൊന്നയും വെള്ളരിയും, സദ്യവട്ടങ്ങൾക്കായി വാഴയിലയും നാളികേരവും ഉൾപ്പെടെ സകല വിഭവങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
23 വിഭവങ്ങളും രണ്ട് തരം പായസവും അടങ്ങുന്ന വിപുലമായ വിഷുസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ വഴിയോ നേരിട്ടോ ബുക്ക് ചെയ്യാം. നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷണൽ ‘ഹാപ്പിനെസ്’ പോയിന്റുകളും ലഭിക്കും.20-ൽ അധികം വൈവിധ്യമാർന്ന പായസങ്ങളുമായി പ്രത്യേക പായസം മേളയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഇളവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. 200 ദിർഹത്തിന് പർച്ചേസ് ചെയ്യുന്നവർക്ക് 50 ദിർഹം ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിനും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.
​വിഷുവിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്തുപകരുന്നതാണ് ലുലുവിന്റെ ഈ നീക്കം.

You may also like