ദുബായ്: ഭിന്നശേഷിയുള്ളവർക്ക് (People of Determination) കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ബസ് സ്റ്റേഷനുകളിൽ പ്രത്യേക ‘സെൻസറി റൂമുകൾ’ (Sensory Rooms) സജ്ജീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ദുബായിലെ സത്വ, ഊദ് മേത്ത എന്നീ പ്രധാന ബസ് സ്റ്റേഷനുകളിലാണ് നിലവിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും ആശങ്കകളും കുറച്ച്, അവർക്ക് സുരക്ഷിതവും ശാന്തവുമായ ഒരിടം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ കാഴ്ചയ്ക്ക് ആശ്വാസം നൽകുന്ന രീതിയിലുള്ള ലോ-ലെവൽ ലൈറ്റിങ് സംവിധാനങ്ങളും അവരുടെ സെൻസറി ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള അത്യാധുനിക സൗകര്യങ്ങളും ഈ മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിൽ കുട്ടികൾക്ക് ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാൻ ഇത്തരം കേന്ദ്രങ്ങൾ വലിയ സഹായമാകുമെന്ന് ആർടിഎ വ്യക്തമാക്കി. നഗരത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Dubai
ദുബായ് പോലീസിനൊപ്പം ഓടാം, സൈക്കിൾ ചവിട്ടാം; ബുധനാഴ്ചകളിൽ ദുബായ് ഓട്ടോഡ്രോമിലേക്ക് സ്വാഗതം
ദുബായ്: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് പോലീസും ദുബായ് ഓട്ടോഡ്രോമും കൈകോർക്കുന്നു. ഏപ്രിൽ മാസത്തിലെ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 7 മണിക്ക് സംഘടിപ്പിക്കുന്ന ‘റൈഡ് ആൻഡ് റൺ വിത്ത് ദുബായ് പോലീസ്’ (Ride & Run with Dubai Police) എന്ന പരിപാടിയിലൂടെ പൊതുജനങ്ങൾക്ക് പോലീസിനൊപ്പം ഓടാനും സൈക്കിൾ ചവിട്ടാനും സുവർണ്ണാവസരമാണ് ലഭിക്കുന്നത്. പൂർണ്ണമായും സൗജന്യമായി സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ദുബായ് പോലീസ് ടീമിന്റെ ഇൻസ്റ്റാഗ്രാം പേജിലെ ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ദുബായിലെ ഐക്കണിക് റേസിംഗ് ട്രാക്കിൽ പോലീസിന്റെ അത്യാധുനിക വാഹനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വ്യായാമം ചെയ്യാമെന്നത് പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ വേറിട്ടൊരു അനുഭവമായിരിക്കും. വരും ബുധനാഴ്ചകൾ കൂടുതൽ ഊർജ്ജസ്വലവും ആഘോഷവുമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ ജനജീവിതം സാധാരണ നിലയിലേക്ക്- വലിയ പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാൻ പ്രവാസികളുടെ തിരക്ക്;വിമാനടിക്കറ്റ് നിരക്കുകൾ കുറഞ്ഞേക്കും
ദുബായ്:മാസങ്ങൾ നീണ്ടുനിന്ന പ്രാദേശിക സംഘർഷങ്ങൾക്ക് വിരാമമിട്ട് യുഎസ്-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ യുഎഇയിലെ ജനജീവിതം പൂർണ്ണമായും സാധാരണ നിലയിലേക്ക്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതോടെ വരാനിരിക്കുന്ന ഈദ് അൽ അദ്ഹ (വലിയ പെരുന്നാൾ) അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായി. വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്ന സൂചനയും ചില ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.
ദുബായി ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള കാത്തിരിപ്പ് ഇനിയും നീളും;തീരുമാനം ആയില്ലെന്ന് അധികൃതർ
ദുബായ്: ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ Global Village വീണ്ടും തുറക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ താമസക്കാരും സഞ്ചാരികളും കാത്തിരിക്കുകയാണ്. എന്നാല്‍ തുറക്കുന്നതിനുള്ള അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 9-നാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അതിന് ശേഷം കേന്ദ്രം ഇപ്പോഴും അടഞ്ഞ നിലയിലാണ്. നിലവില്‍ സുരക്ഷാ അവലോകനങ്ങള്‍ തുടരുകയാണെന്നും ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അടച്ചിടല്‍ തുടരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്ന തീയതി ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്ക് ലുലുവിന്റെ ‘വിഷുക്കൈനീട്ടം’- കണിക്കൊന്നയും സദ്യവട്ടങ്ങളുമായി ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങി
ദുബായ്: പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കേരളത്തിൽ നിന്നുള്ള വിഭവങ്ങളുമായി ലുലു ഗ്രൂപ്പ്. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി 3200 ടണ്ണോളം പഴം, പച്ചക്കറി ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സ് വഴി നേരിട്ട് സംഭരിച്ച ഉത്പന്നങ്ങളാണ് പ്രവാസികൾക്കായി വിപണിയിലെത്തുന്നത്.
നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനത്തിൽ മാത്രം 100 ടൺ പച്ചക്കറികളാണ് കൊച്ചിയിൽ നിന്ന് അബുദാബിയിലെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. വിഷുക്കണിയൊരുക്കാൻ കണിക്കൊന്നയും വെള്ളരിയും, സദ്യവട്ടങ്ങൾക്കായി വാഴയിലയും നാളികേരവും ഉൾപ്പെടെ സകല വിഭവങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
23 വിഭവങ്ങളും രണ്ട് തരം പായസവും അടങ്ങുന്ന വിപുലമായ വിഷുസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ വഴിയോ നേരിട്ടോ ബുക്ക് ചെയ്യാം. നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷണൽ ‘ഹാപ്പിനെസ്’ പോയിന്റുകളും ലഭിക്കും.20-ൽ അധികം വൈവിധ്യമാർന്ന പായസങ്ങളുമായി പ്രത്യേക പായസം മേളയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഇളവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. 200 ദിർഹത്തിന് പർച്ചേസ് ചെയ്യുന്നവർക്ക് 50 ദിർഹം ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിനും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.
വിഷുവിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്തുപകരുന്നതാണ് ലുലുവിന്റെ ഈ നീക്കം.
ദുബായ് മുനിസിപ്പാലിറ്റിയും ലുലു എക്സ്ചേഞ്ചും കൈകോർക്കുന്നു; സേവന നിരക്കുകളും പിഴകളും ഇനി എക്സ്ചേഞ്ച് ശാഖകളിലൂടെ അടയ്ക്കാം
ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ വിവിധ സേവന നിരക്കുകളും പിഴകളും യുഎഇയിലുടനീളമുള്ള ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി അടയ്ക്കുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിംഗ് സിഇഒ സയീദ് ഇസ്മയിൽ അൽ ഹാഷിമിയും ലുലു എക്സ്ചേഞ്ച് യുഎഇ സിഇഒ തമ്പി സുദർശനനുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പുതിയ സഹകരണത്തിലൂടെ വ്യക്തികൾക്കും കമ്പനികൾക്കും മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ലുലു എക്സ്ചേഞ്ചിന്റെ 145-ലധികം വരുന്ന ശാഖകളിലൂടെ പണമായോ ചെക്കായോ എളുപ്പത്തിൽ ഒടുക്കാൻ സാധിക്കും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും ഉപഭോക്താക്കൾക്ക് തടസ്സരഹിതവും ലളിതവുമായ പേയ്മെന്റ് അനുഭവം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ലുലു എക്സ്ചേഞ്ചും നഗര വികസന രംഗത്തെ കരുത്തരായ ദുബായ് മുനിസിപ്പാലിറ്റിയും കൈകോർക്കുന്നത് രാജ്യത്തെ ഡിജിറ്റൽ-സാമ്പത്തിക സേവന മേഖലയ്ക്ക് പുതിയ ഊർജ്ജം പകരും.
ദുബായ് ലക്ഷ്യമാക്കി വന്ന എല്ലാ വ്യോമ ഭീഷണികളെയും വിജയകരമായി തടഞ്ഞതായി (Interception) അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് ദുബായ് അധികൃതർ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങൾ എല്ലാ ലക്ഷ്യങ്ങളെയും ആകാശത്തുവെച്ച് തന്നെ തകർത്തതായും അധികൃതർ വ്യക്തമാക്കി.
അജ്ഞാത വാട്ട്സ്ആപ്പ് കോൾ വഴി ഹാക്കിംഗ്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി
എമിറേറ്റ്സ് എൻബിഡി ബാങ്ക് ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിലെ “സീറോ-ഡേ” സുരക്ഷാ ലംഘനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അജ്ഞാത നമ്പറിൽ നിന്നുള്ള ഒരൊറ്റ വോയ്സ് കോൾ അറ്റൻഡ് ചെയ്താൽ പോലും സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഇത്തരത്തിലുള്ള കോളുകൾ എടുക്കരുതെന്നും, സന്ദേശങ്ങളിലൂടെയോ ഫോൺ കോളുകളിലൂടെയോ ബാങ്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങളോ പാസ്വേഡുകളോ ആവശ്യപ്പെടില്ലെന്നും ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
ആറുദിവസം ദുബായ് വഴി കടന്നുപോയത് 13.7 ലക്ഷം പേർ;ഡിസംബർ 29 മുതൽ ജനുവരി 3 വരെയുള്ള കണക്കാണിത്
പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലേക്ക് റെക്കോർഡ് തോതിലുള്ള സന്ദർശകരുടെ ഒഴുക്ക്. ഡിസംബർ 29 മുതൽ ജനുവരി 3 വരെയുള്ള ആറ് ദിവസത്തിനിടെ 13,70,440 പേരാണ് വിവിധ മാർഗങ്ങളിലൂടെ നഗരത്തിലെത്തിയത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ദുബായ് ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഏറ്റവും വലിയ ഡ്രോൺ ഷോ; ഇന്ന് ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7.15 ന്
ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനത്തിന് ദുബായ് ഗ്ലോബൽ വില്ലേജ് വേദിയാകുന്നു. 2026 ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7:15-നാണ് ആയിരക്കണക്കിന് ഡ്രോണുകൾ അണിനിരക്കുന്ന ഈ വിസ്മയ കാഴ്ച നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മുപ്പതാം സീസണിലെ ഏറ്റവും വലിയ ആകാശ വിസ്മയമായിരിക്കും ഇതെന്നും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അഭ്യർത്ഥിച്ചു.