പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി അബുദാബി നഗരത്തിൽ ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് (Abu Dhabi Mobility) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഡിസംബർ 31 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച പുലർച്ചെ 6:00 മണി വരെയാണ് നിയന്ത്രണം. ഹെവി ട്രക്കുകൾ, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ലേബർ ബസുകൾ എന്നിവയ്ക്കാണ് നിയന്ത്രണം. അബുദാബി ഐലൻഡിനുള്ളിലും അബുദാബി – അൽ ഐൻ റോഡിലും (E22) ഈ നിയന്ത്രണം ബാധകമായിരിക്കും.
silvya
അബുദാബി അൽ ഷംഖ ജില്ലയിൽ താമസക്കാർക്കായി 16 പുതിയ പൊതു പാർക്കുകൾ തുറന്നു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും (DMT) നഗര വികസന പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ഹരിത ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പാർക്കുകളിൽ 25 സ്പോർട്സ് കോർട്ടുകൾ, 26 കളിസ്ഥലങ്ങൾ, 8 ഔട്ട്ഡോർ ഫിറ്റ്നസ് സോണുകൾ എന്നിവ ഉൾപ്പെടുന്നു.
നടത്ത ട്രാക്കുകൾ, തണലുള്ള ഇരിപ്പിടങ്ങൾ, മനോഹരമായ പുൽത്തകിടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താമസക്കാരുടെ ശാരീരികക്ഷമതയും സാമൂഹിക ഇടപെടലുകളും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. റെസിഡൻഷ്യൽ ഏരിയകളിൽ തുറന്ന ഈ പുതിയ പാർക്കുകൾ അബുദാബിയുടെ ഹരിത ശൃംഖലയെ കൂടുതൽ വിപുലീകരിക്കുന്നു.
2026 നെ വരവേൽക്കാൻ ദുബായ് ഫ്രെയിമിൽ ആദ്യമായി ഡ്രോൺ ഷോകൾ; എമിറേറ്റിലുടനീളം 48 വെടിക്കെട്ടുകൾ
2026നെ വരവേൽക്കുന്നതിനായി ദുബായ് ഫ്രെയിമിൽ ഇത്തവണ ആദ്യമായി ഡ്രോൺ ഷോകൾ അരങ്ങേറും. ഡിസംബർ 31ന് നടക്കുന്ന പുതുവത്സരാഘോഷത്തിൽ വെടിക്കെട്ടിനൊപ്പം ഈ പ്രത്യേക പ്രദർശനവും ഉണ്ടാകും. എമിറേറ്റിലുടനീളം 40 കേന്ദ്രങ്ങളിലായി ആകെ 48 വെടിക്കെട്ട് പ്രദർശനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം, പുതുവത്സരദിനത്തിൽ ദുബായിലെ പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി അനുവദിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായിൽ നിങ്ങൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുണ്ട്?
അഭിപ്രായം രേഖപ്പെടുത്താൻ സർവേയുമായി ദുബായ് പോലീസ്
എമിറേറ്റിലെ സുരക്ഷാ നിലവാരത്തെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി ദുബായ് പോലീസ് സർവേ ആരംഭിച്ചു. 2025-ലെ നാലാം പാദത്തിലെ (4th quarter) സുരക്ഷിതത്വബോധം അളക്കുന്നതിനാണ് ഈ സർവേ നടത്തുന്നത്. ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ സർവേയിലെ വിവരങ്ങൾ സഹായിക്കും. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സർവേ പൂർത്തിയാക്കാം.
അഭിപ്രായം രേഖപ്പെടുത്താൻ:
dubaipolls.dsc.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ജനങ്ങളുടെ തുറന്നതും സത്യസന്ധവുമായ അഭിപ്രായങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കാൻ ഏറെ സഹായകമാകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
റോഡുകളിൽ ജാഗ്രത വേണം; ഫുജൈറയിൽ 11 മാസത്തിനിടെ 11,747 വാഹനാപകടങ്ങൾ
ഏഴ് മരണം
ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസത്തിനിടയിൽ ഫുജൈറയിലെ റോഡുകളിൽ 11,747 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. ഈ അപകടങ്ങളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും വിവിധ തരത്തിലുള്ള പരിക്കുകളോടെ 201 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗത, സുരക്ഷിതമായ അകലം പാലിക്കാത്തത് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി.
കൊതുക് ശല്യം വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
യുഎഇയിൽ കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി. കൊതുക് നശീകരണം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണെന്നും രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊതുക് കടിയേറ്റാൽ നിസ്സാരമായി കാണരുത്; ചൊറിച്ചിലും ചുവപ്പും കുറയ്ക്കാൻ ഐസ് പാക്കുകൾ ഉപയോഗിക്കാനും കടിയേറ്റ ഭാഗം മാന്തി പഴുപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. കടുത്ത പനി, തലവേദന തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുക് പ്രജനനം തടയാൻ സഹകരിക്കണമെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരണം; ഷാർജ വിമാനത്താവളത്തിൽ തിരക്ക് കൂടുന്നതായി അധികൃതർ
പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് വിലയിരുത്തലിനെ തുടർന്ന്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയർപോർട്ട് അതോറിറ്റി നിർദേശിച്ചു. വരുന്ന നാല് ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തിരക്ക് മൂലം ചെക്ക്-ഇൻ നടപടികൾക്ക് കൂടുതൽ സമയം ആവശ്യമായി വരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ഡിജിറ്റൽ, ഫാസ്റ്റ്-ട്രാക്ക് സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന് (തിങ്കളാഴ്ച) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില തീരദേശവും വടക്കുകിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്നും കാറ്റ് പൊതുവെ മിതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ ദിശകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില ഇടങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
യുഎഇയിലുണ്ടായ അസ്ഥിരമായ കാലാവസ്ഥയിൽ 2,180-ലേറെ കോളുകൾ കൈകാര്യം ചെയ്ത് ദുബായ് മുനിസിപ്പാലിറ്റി
യുഎഇയിൽ അടുത്തിടെ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥയെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റിക്ക് (DM) എമിറേറ്റിലുടനീളം 2,180-ലധികം കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രധാന റോഡുകളിലും ഉൾവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്, താമസ മേഖലകളിലെ പ്രശ്നങ്ങൾ, പൊതു സ്ഥലങ്ങൾ, പാർക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് വ്യാപകമായി ശക്തമായ മഴയും കാലാവസ്ഥ വ്യതിയാനങ്ങളും ഉണ്ടായി. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്ക റിപ്പോർട്ടുകൾ വന്നിരുന്നു. ചില എമിറേറ്റുകളിൽ മരങ്ങൾ കടപുഴകുകയും ചില ഘടനകൾ തകരുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ റാസ് അൽ ഖൈമയിലെ ജബൽ ജൈസ് പ്രദേശം പല ദിവസങ്ങളായി അടച്ചിടേണ്ടി വന്നു.