5
ഷാർജ : കോളജിൽ മകന് പ്രവേശനം ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് 15.15 ലക്ഷം ദിർഹം (ഏകദേശം 3.5 കോടിയിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്ത കേസിൽ പ്രതിക്ക് ആറു മാസം തടവുശിക്ഷ വിധിച്ചു. ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. തുക ഈടാക്കുന്ന നടപടികൾക്കായി കേസ് സിവിൽ കോടതിക്ക് കൈമാറുകയും കോടതിച്ചെലവ് പ്രതിയിൽ നിന്ന് ഈടാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
സ്വന്തമായി ഉന്നതസ്വാധീനമുണ്ടെന്നും വ്യാജ വിലാസം ഉപയോഗിച്ചുമാണ് പ്രതി തട്ടിപ്പ് നടത്തിയത്. തുടക്കത്തിൽ അഡ്മിഷൻ ഫീസായി 70,000 ദിർഹം പണമായി വാങ്ങിയ പ്രതി, പിന്നീട് ഒന്നാം വർഷത്തെ ട്യൂഷൻ ഫീസിനായി 4.45 ലക്ഷം ദിർഹവും നിക്ഷേപമെന്ന പേരിൽ 10 ലക്ഷം ദിർഹവും കൂട്ടി വാങ്ങി. ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങുന്നത് തടയാൻ പണമായിത്തന്നെ (Cash) തുക വേണമെന്ന് നിർബന്ധിക്കുകയും തുക സ്വന്തം കാറിനുള്ളിൽ വെച്ച് കൈപ്പറ്റുകയുമായിരുന്നു. എന്നാൽ പ്രവേശനം നൽകാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരൻ നിയമനടപടി സ്വീകരിച്ചത്. ഫോൺ സന്ദേശങ്ങളും സാക്ഷിമൊഴികളും അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.