Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:40 AM

ഇറാൻ ആക്രമണ കാലയളവിൽ യുഎഇ നേരിട്ടത് ഇരട്ട ഭീഷണി

by Raneesha Razak

ദുബായ് : ഇറാൻ ആക്രമണ സമയത്ത് യുഎഇക്ക് വ്യോമാക്രമണങ്ങൾക്കൊപ്പം വ്യാജ വാർത്തകളുടെയും എഐ അധിഷ്ഠിത വ്യാജ പ്രചാരണങ്ങളുടെയും വൻ ഭീഷണി നേരിടേണ്ടി വന്നതായി യുഎഇ സഹമന്ത്രി നൂറ അൽ കഅബി. അറബ് മീഡിയ സമ്മിറ്റിലെ ‘മീഡിയ ആൻഡ് ഡിപ്ലോമസി ഇൻ എ ചേഞ്ചിംഗ് വേൾഡ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം യാഥാർത്ഥ്യലോകത്തെ ആക്രമണങ്ങളെയും സ്ക്രീനുകളിലെ വ്യാജ പ്രചാരണങ്ങളെയും പ്രതിരോധിക്കേണ്ടി വന്നുവെന്ന് അവർ വ്യക്തമാക്കി.
എഐ സാങ്കേതികവിദ്യയുടെ വളർച്ച വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കാൻ കാരണമാകുന്നുണ്ടെന്നും വ്യാജവാർത്തകളെ പ്രതിരോധിക്കുന്നത് വെറുമൊരു വാർത്താവിനിമയ പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷാ വിഷയമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഏതൊരു വാർത്തയും വിശ്വസിക്കുന്നതിനോ പങ്കുവെക്കുന്നതിനോ മുൻപ് അതിന്റെ ഉറവിടം വ്യക്തമാണോ എന്ന് ഉറപ്പുവരുത്താൻ പൊതുജനങ്ങളോട് അവർ ആഹ്വാനം ചെയ്തു. കൂടാതെ, ഡിജിറ്റൽ ലോകത്ത് സ്വാധീനം ചെലുത്തുന്നതിൽ യുവതലമുറയ്ക്കുള്ള പങ്ക് വലുതാണെന്നും തങ്ങളുടെ വാക്കുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഭാവിയിൽ എപ്രകാരം വിലയിരുത്തപ്പെടുമെന്ന തിരിച്ചറിവോടെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You may also like