ദുബായ് : പാർക്കിൻ (Parkin) ഡിജിറ്റൽ വാലറ്റിലേക്ക് ഇനി നേരിട്ട് പണമായി (Cash) പണം നിക്ഷേപിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ഇതിനായി പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവന ദാതാക്കളായ ‘യുപേ’യുമായി (uPay) പാർക്കിൻ സഹകരണ കരാർ ഒപ്പിട്ടു. യുഎഇയിലുടനീളമുള്ള യുപേയുടെ പേയ്‌മെന്റ് കിയോസ്കുകൾ (Kiosks) വഴി ഇനിമുതൽ 24 മണിക്കൂറും ഉപഭോക്താക്കൾക്ക് പാർക്കിൻ വാലറ്റ് റീചാർജ് ചെയ്യാൻ സാധിക്കും.
യുഎഇയിൽ ആകമാനമുള്ള 1,700-ലധികം വരുന്ന യുപേയുടെ സെൽഫ് സർവീസ് പേയ്‌മെന്റ് ടെർമിനലുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാകുക. ദുബായിൽ മാത്രം 1,350-ലധികം കിയോസ്കുകളും അബുദാബിയിലും ഷാർജയിലും 150 വീതവും അജ്മാനിൽ 50-ലധികം കേന്ദ്രങ്ങളുമുണ്ട്. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗിക്കാത്തവർക്കും പാർക്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ വഴിയും കിയോസ്കുകളിൽ പണമടയ്ക്കാവുന്നതാണ്.
13