അബുദാബി : താൻ സംരക്ഷിക്കേണ്ട മൂന്ന് വയസ്സുകാരനെ ശാരീരികമായി ഉപദ്രവിച്ച ഗാർഹിക തൊഴിലാളിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചു. കുട്ടിക്ക് ശരീരത്തിൽ പോറലുകളും പരിക്കുകളും ഏൽപ്പിച്ച കേസിൽ പ്രതിയെ കുറ്റക്കാരിയായി കണ്ടെത്തിയ ക്രിമിനൽ കോടതി നേരത്തെ 3,000 ദിർഹം പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ നൽകിയ സിവിൽ കേസിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്.
തൊഴിലുടമ വീട്ടിൽ ഇല്ലാത്ത സമയത്താണ് കുട്ടിക്ക് നേരെ ഗാർഹിക തൊഴിലാളിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ നെഞ്ചിലും താടിയിലും പോറലുകൾ ഏൽപ്പിച്ച സംഭവം വലിയ മാനസികവും സാമ്പത്തികവുമായ വിഷമതകൾ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി അമ്മ 25,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ തള്ളിക്കളയാൻ തൊഴിലാളി ശ്രമിച്ചെങ്കിലും കേസ് ക്രിമിനൽ കോടതിയിൽ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതിനാൽ, സാമ്പത്തികവും മാനസികവുമായ നഷ്ടപരിഹാരമായി 10,000 ദിർഹമും കോടതി ചെലവുകളും നൽകാൻ സിവിൽ കോടതി ഉത്തരവിടുകയായിരുന്നു.
11