ഷാർജ: യുവാക്കളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംശയാസ്പദമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഹാനികരമായ ഉള്ളടക്കങ്ങളും യുഎഇയിൽ കുടുംബ സ്ഥിരതയ്ക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയാകുന്നുവെന്ന് ഷാർജയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്മെന്റിലെ ഫാമിലി ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ ഡയറക്ടർ ഫാത്തിമ അൽ മർസൂഖി പറഞ്ഞു, ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മതം, പൊതുമൂല്യങ്ങൾ, സാമൂഹിക ക്രമം എന്നിവയ്‌ക്കെതിരായ ഉള്ളടക്കം പണമെടുത്ത് പ്രചരിപ്പിക്കുന്നുവെന്നും ഇത് യുവജനങ്ങളെ സ്വാധീനിച്ച് കുടുംബ ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി. ഇന്റർനാഷണൽ ഡേ ഓഫ് ഫാമിലീസ് ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ. സോഷ്യൽ മീഡിയയും വേഗത്തിലുള്ള സാമൂഹിക മാറ്റങ്ങളും വിദേശ സ്വാധീനങ്ങളും കുടുംബ ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കുന്നുവെന്നും അവർ പറഞ്ഞു.
യുഎഇ 2026നെ “Year of the Family” ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കാനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതായി അവർ പറഞ്ഞു. യുവ എമിറാത്തികളെ സ്ഥിരതയുള്ള കുടുംബങ്ങൾ രൂപീകരിക്കാൻ സഹായിക്കുന്ന വിവിധ പദ്ധതികളും ഇതിന്റെ ഭാഗമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഷാർജയിൽ പുതിയ സാമൂഹിക നയങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും, സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ജനനനിരക്ക് വർധിപ്പിക്കാനും കുടുംബ സ്ഥിരത ശക്തിപ്പെടുത്താനും ബോധവൽക്കരണ ക്യാമ്പെയിനുകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ആരോഗ്യ പിന്തുണയും മറ്റ് സാമൂഹിക സഹായങ്ങളും നൽകുന്ന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഫസാ കാർഡ് പോലുള്ള ആനുകൂല്യങ്ങൾ വഴി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കുന്നു. കുടുംബ വേർപാട് സംഭവിച്ച കേസുകളിൽ 80 ശതമാനം വരെ വിജയകരമായി കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാൻ സാധിച്ചതായി സെന്റർ അറിയിച്ചു. തടവിലായ വ്യക്തികളുടെ കുടുംബങ്ങൾക്ക് മാനസിക, സാമൂഹിക, സാമ്പത്തിക സഹായം നൽകുന്ന പ്രത്യേക പദ്ധതിയും പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.