ഷാർജ : ഖോർഫക്കാന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിക്കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ‘ഖോർഫക്കാൻ റിസോർട്ട്’ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ഇസ്ലാമിക് ബാങ്കിന്റെ കീഴിലുള്ള അസാസ് റിയൽ എസ്റ്റേറ്റ് 700 ദശലക്ഷം ദിർഹം ചിലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി പൂർത്തിയാക്കിയത്
ഖോർഫക്കാൻ ബീച്ചിനോട് ചേർന്ന് 3.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ റിസോർട്ട് നഗരത്തിന്റെ വിനോദസഞ്ചാര-നിക്ഷേപ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. സമുദ്രം, ബീച്ച്, നഗരം, പർവ്വതങ്ങൾ എന്നിങ്ങനെ നാല് വശങ്ങളിലേക്കും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം. 9 നിലകളിലായി വൺ ബെഡ്‌റൂം മുതൽ ഫോർ ബെഡ്‌റൂം വരെയുള്ള 573 അപ്പാർട്ട്‌മെന്റുകൾ. 16 വ്യാപാര സ്ഥാപനങ്ങൾ, അത്യാധുനിക ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ. ഒരു ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ ഹരിത ഇടങ്ങൾ, സ്വകാര്യ ബീച്ച്. എല്ലാ രാജ്യക്കാർക്കും ഇവിടെ സ്വന്തമായി വസ്തു വാങ്ങാനുള്ള (Freehold ownership) സൗകര്യമുണ്ട്.
ഖോർഫക്കാൻ ആംഫി തിയേറ്ററിനും വെള്ളച്ചാട്ടത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട്, വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ആഡംബരവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഒരു വേറിട്ട അനുഭവം നൽകും. ഷാർജയുടെ സുസ്ഥിര വികസന പദ്ധതികൾക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ റിസോർട്ട് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.