കുവൈറ്റ് : കുവൈറ്റിലെ റെസ്റ്റോറന്റുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ പോഷക വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ പുതിയൊരു നിർദ്ദേശവുമായി കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ അബ്ദൽജാദർ രംഗത്തെത്തി. ഭക്ഷണക്രമത്തിൽ കൃത്യമായ അവബോധമുള്ള ആളുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഈ നിർദ്ദേശം സമർപ്പിച്ചത്. നിലവിൽ പല റെസ്റ്റോറന്റുകളും മെനുവിൽ നൽകുന്ന കലോറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവയുടെ അളവിൽ കൃത്യതയില്ലെന്നും ഇത് തിരുത്തപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്കും കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുന്നവർക്കും നിലവിലെ തെറ്റായ വിവരങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ ഈ മേഖലയിൽ വിശ്വസനീയമായ ഒരു നിയന്ത്രണ സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA), സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) എന്നിവ പിന്തുടരുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മാതൃകയാക്കിയാണ് ഈ നിർദ്ദേശം തയ്യാറാക്കിയിരിക്കുന്നത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് ഇത് നടപ്പിലാക്കണമെന്നും ഇതിലൂടെ ഭക്ഷണശാലകൾ നൽകുന്ന വിവരങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം തന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.