11
ഷാർജ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഷാർജ സർവകലാശാല (University of Sharjah) ക്യാമ്പസിൽ 314 പെയ്ഡ് പാർക്കിംഗ് ഇടങ്ങൾ അനുവദിച്ചു. ഇതിലൂടെ ലഭിക്കുന്ന വരുമാനം നിർദ്ധനരായ വിദ്യാർത്ഥികളുടെ സാമ്പത്തിക സഹായത്തിനായി വിനിയോഗിക്കും. ക്യാമ്പസിലെ പാർക്കിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
ഷാർജ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതിയിൽ ആൺകുട്ടികളുടെ കോളേജുകൾക്ക് സമീപം 151 ഇടങ്ങളും പെൺകുട്ടികളുടെ കോളേജുകൾക്ക് സമീപം 163 ഇടങ്ങളുമാണ് പെയ്ഡ് പാർക്കിംഗിനായി നീക്കിവെച്ചിരിക്കുന്നതെന്ന് സർവകലാശാലാ സർവീസസ് ഡയറക്ടർ ഡോ. അബ്ദുൾറഹ്മാൻ അൽ ഹാഷിമി പറഞ്ഞു. സർവകലാശാലയിലുള്ള ഏകദേശം 6,000 പാർക്കിംഗ് ഇടങ്ങളിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് പെയ്ഡ് പാർക്കിംഗാക്കി മാറ്റിയതെന്നും, ബാക്കിയുള്ളവ ദിവസം മുഴുവൻ സൗജന്യമായി തന്നെ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പെയ്ഡ് പാർക്കിംഗിൽ നിന്ന് ലഭിക്കുന്ന വരുമാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന ‘താലിബ് ഇൽമ് ഫണ്ടിലേക്ക്’ (Talib Ilm Fund) നൽകും.
ഷാർജ റേഡിയോയുടെ ‘ഡയറക്ട് ലൈൻ’ (Direct Line) പരിപാടിയിൽ സംസാരിക്കവെയാണ് അൽ ഹാഷിമി സർവകലാശാലയിലെ പാർക്കിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള വികസന പദ്ധതികൾ വിശദീകരിച്ചത്. മെഡിക്കൽ കോളേജ് കോംപ്ലക്സ്, പെൺകുട്ടികളുടെ കോളേജുകൾ, ആൺകുട്ടികളുടെ കോളേജുകൾ എന്നിവയെ ബന്ധിപ്പിച്ച് മൂന്ന് പുതിയ പ്രവേശന കവാടങ്ങൾ നിർമ്മിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു. ക്യാമ്പസിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനാണിത്. ഇതിനുപുറമെ പെൺകുട്ടികളുടെ ഹോസ്റ്റലുകൾക്ക് സമീപം 300 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാവുന്ന പുതിയ പാർക്കിംഗ് സൗകര്യവും ഒരുക്കും. പെൺകുട്ടികളുടെ കോളേജ് കോംപ്ലക്സിൽ 600 വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മൾട്ടി-സ്റ്റോറി പാർക്കിംഗ് സമുച്ചയത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. 2027 സെപ്റ്റംബറോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.