15
ദുബായ് : ജീവിത നിലവാരം, വ്യക്തിസ്വാതന്ത്ര്യം, അന്താരാഷ്ട്ര യാത്രാ സൗകര്യം, സമൃദ്ധി, ആരോഗ്യം, സുരക്ഷ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2026-ലെ ‘ഹാപ്പി പാസ്പോർട്ട് ഇൻഡക്സിൽ’ (Happy Passports Index) 100-ൽ 73.4 പോയിന്റുകൾ നേടി യുഎഇ ആഗോളതലത്തിൽ 23-ാം സ്ഥാനത്തെത്തി.
അന്താരാഷ്ട്ര ഉപദേശക സ്ഥാപനമായ ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് (Global Citizen Solutions) പ്രസിദ്ധീകരിച്ച ഈ സൂചികയിൽ 50 രാജ്യങ്ങളെയാണ് വിലയിരുത്തിയത്. പാസ്പോർട്ടിന്റെ കരുത്ത് മാത്രമല്ല, ആ രാജ്യത്തെ താമസക്കാർ അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളും സ്വാതന്ത്ര്യവും പട്ടികയിൽ മാനദണ്ഡമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രാ സൗകര്യത്തിലാണ് (International Mobility) യുഎഇ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ വിഭാഗത്തിൽ 94.3 പോയിന്റുകൾ നേടിയ യുഎഇ, ഏറ്റവും ഉയർന്ന പാസ്പോർട്ട് സ്വീകാര്യതയുള്ള രാജ്യങ്ങളുടെ നിരയിലാണ് സ്ഥാനം പിടിച്ചത്.
വിവിധ വിഭാഗങ്ങളിൽ യുഎഇ നേടിയ പോയിന്റുകൾ:
-
അന്താരാഷ്ട്ര യാത്രാ സൗകര്യം (International Mobility): 94.3
-
സമൃദ്ധി, ആരോഗ്യം, സുരക്ഷ: 74.0
-
ക്ഷേമം (Wellbeing): 69.8
-
ആഭ്യന്തര സ്വാതന്ത്ര്യം (Freedom at home): 55.4
ജീവിത സംതൃപ്തിയിലും പാസ്പോർട്ട് കരുത്തിലും ഒരുപോലെ ആദ്യ പകുതിയിൽ ഇടംനേടിയ 18 രാജ്യങ്ങളുടെ പട്ടികയിലും യുഎഇ ഉൾപ്പെട്ടിട്ടുണ്ട്. നോർഡിക്, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ, അമേരിക്ക എന്നിവയാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് പ്രധാന രാജ്യങ്ങൾ.
സർവേയിൽ ഉൾപ്പെട്ട 50 രാജ്യങ്ങളിൽ, വ്യക്തിപരമായ ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ യുഎഇ നിവാസികൾ ഒൻപതാം സ്ഥാനത്താണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, പൗരസ്വാതന്ത്ര്യ (Civil liberties) വിഭാഗത്തിൽ പട്ടികയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ് യുഎഇക്ക് ലഭിച്ചത്.