14
ദുബായ് : യുഎഇയുടെ പ്രതിസന്ധി മാനേജ്‌മെന്റ് ശേഷിയും സ്ഥാപനങ്ങളുടെ സജ്ജതയും ഭാവി വെല്ലുവിളികളെ നേരിടാനുള്ള സന്നദ്ധതയും ചൂണ്ടിക്കാട്ടി സംഘടിപ്പിച്ച ‘വി വിൽ ഇമേർജ് സ്ട്രോങ്ങർ’ (We Will Emerge Stronger) സെഷനിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പങ്കെടുത്തു. യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക സെഷൻ സംഘടിപ്പിച്ചത്.
ഫെഡറൽ, ലോക്കൽ ഗവൺമെന്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, വികസനം എന്നിവ വിലയിരുത്തി. യുഎഇയുടെ ഐക്യവും ഭരണകൂട സംവിധാനങ്ങളുടെ മികവും പൗരന്മാരുടെയും പ്രവാസികളുടെയും ജാഗ്രതയുമാണ് ഏത് വെല്ലുവിളിയെയും അതിജീവിക്കാൻ രാജ്യത്തിന് കരുത്തേകുന്നതെന്ന് എക്സ് (X) കുറിപ്പിലൂടെ യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ കിരീടാവകാശികൾ, ഡെപ്യൂട്ടി റൂളർമാർ തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
സൈനിക-സിവിലിയൻ സ്ഥാപനങ്ങളുടെ ഏകോപനവും സമൂഹത്തിന്റെ ഒത്തൊരുമയും വഴി യുഎഇ കൈവരിച്ച നേട്ടങ്ങൾ യോഗം അവലോകനം ചെയ്തു. ഭാവി വെല്ലുവിളികളെ മുൻകൂട്ടി കാണുകയും രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മുൻഗണന നൽകി മുന്നേറുകയും ചെയ്യുമെന്ന ദൃഢനിശ്ചയം സമ്മേളനം അടിവരയിട്ടു.