Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 10:18 AM

അബുദാബിയിൽ നിന്ന് ലോകവേദിയിലേക്ക് എമിറാത്തി സംഗീതജ്ഞൻ ഇഹാബ് ദർവിഷ്

by Raneesha Razak
അബുദാബി : സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീതസൃഷ്ടികൾ ഒരു സമ്പൂർണ്ണ സിംഫണി ഓർക്കസ്ട്രയിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഹാബ് ദർവിഷ് തന്റെ കരിയറിന്റെ തുടക്കത്തിൽ യാത്ര ആരംഭിച്ചത്. ക്ലാസിക്കൽ സംഗീത രംഗത്ത് ഒരു എമിറാത്തി സംഗീതസംവിധായകനും വേറിട്ട ശബ്ദമാകാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശ്യം.
2017-ൽ ഈ സ്വപ്നപദ്ധതിയുമായി അദ്ദേഹം ‘അബുദാബി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷനെ’ (ADMAF) സമീപിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആദ്യ സിംഫോണിക് ആൽബമായ ‘വേവ്സ് ഓഫ് മൈ ലൈഫ്’ മുതൽ നിരവധി അന്താരാഷ്ട്ര പ്രകടനങ്ങൾ വരെ ഫൗണ്ടേഷൻ പിന്തുണയോടെ സാക്ഷാത്കരിക്കപ്പെട്ടു.
വിവിധ സംസ്‌കാരങ്ങളെയും സംഗീത പാരമ്പര്യങ്ങളെയും ഓർക്കസ്ട്ര ശൈലികളെയും കോർത്തിണക്കുന്നതാണ് ഇഹാബ് ദർവിഷിന്റെ സംഗീതം. യു.എ.ഇയുടെ സഹിഷ്ണുതയുടെയും തുറന്ന മനസ്സിന്റെയും പ്രതിഫലനമായിട്ടാണ് അദ്ദേഹം ഈ കൂട്ടിയിണക്കലിനെ കാണുന്നത്. സ്വന്തം ഐഡന്റിറ്റി കൈവിടാതെ തന്നെയാണ് അദ്ദേഹം ഈ സംഗീതസമന്വയം സാധ്യമാക്കിയത്.
തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ അബുദാബി തന്നെയാണ് സംഗീതത്തെ സാംസ്കാരിക അടയാളമാക്കി മാറ്റിയതെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദപാലമായി മാറിയതെന്നും ദർവിഷ് പറയുന്നു. “എന്റെ സംഗീതം ഭൂഖണ്ഡങ്ങൾ കടന്ന് സഞ്ചരിച്ചേക്കാം, എങ്കിലും അതിന്റെ ആത്മാവ് എപ്പോഴും അബുദാബിയുടേതായിരിക്കും,” അദ്ദേഹം വ്യക്തമാക്കി. കലാകാരന്മാരെ കേവലം പിന്തുണയ്ക്കുക മാത്രമല്ല, അവരുടെ കഴിവുകളിലും ദീർഘകാല വളർച്ചയിലും നിക്ഷേപം നടത്തുകയാണ് എ.ഡി.എം.എ.എഫ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like