Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:54 PM

ദുബായ്-അബുദാബി യാത്രാശൈലി മാറുന്നു

by Raneesha Razak

ദുബായ് : സെപ്റ്റംബർ 30-ന് സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ (Etihad Rail) പാസഞ്ചർ ട്രെയിനുകൾ ദുബായ് – അബുദാബി അന്തർ-എമിറേറ്റ് യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. സമയലാഭവും യാത്രാച്ചെലവിലെ വൻ കുറവും കണക്കിലെടുത്ത് പ്രതിദിന യാത്രക്കാരായ നിരവധി പ്രവാസികളും ഉദ്യോഗസ്ഥരും റോഡ് മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ട്രെയിൻ സേവനത്തിലേക്ക് മാറുകയാണ്.
അബുദാബിയിൽ നിന്ന് ദുബായിലേക്ക് ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വസീഫ് എന്ന റോബോട്ടിക്സ് എഞ്ചിനീയർക്ക് വൺവേ ടാക്സി നിരക്കായി മുൻപ് 350 ദിർഹത്തിന് മുകളിൽ ചെലവായിരുന്നു. എന്നാൽ ഇത്തിഹാദ് റെയിലിൽ യാത്ര മാറ്റിപ്പിടിച്ചതോടെ ചെലവ് 173 ദിർഹമായി കുറയുകയും ഏകദേശം 177 ദിർഹം ലാഭിക്കാൻ കഴിയുകയും ചെയ്തു. വാഹനം ഓടിച്ചുള്ള യാത്രയിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കും യാത്രാക്ഷീണവും ഒഴിവാക്കാൻ ഇത്തിഹാദ് റെയിൽ ഏറെ സഹായിക്കുമെന്ന് ദിനംപ്രതി അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന അഭിഷേക് എന്ന ഇന്ത്യൻ പ്രവാസിയും വ്യക്തമാക്കുന്നു.
ദുബായിലെ അൽ യലായീസ് (Al Yalayis) സ്റ്റേഷനെയും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയെയും ബന്ധിപ്പിക്കുന്ന യാത്രയ്ക്ക് ഏകദേശം 64 മിനിറ്റ് മാത്രമാണ് സമയമെടുക്കുന്നത്. ദിവസേന ഇരുവശങ്ങളിലേക്കുമായി 10 സർവീസുകളാണ് നിലവിലുള്ളത്. കൂടാതെ, ദുബായ് അൽ യലായീസ് സ്റ്റേഷനിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിലേക്ക് കണക്റ്റിംഗ് കാൽനടപ്പാലം (Footbridge) ഉള്ളതിനാൽ മെട്രോ റെഡ് ലൈനിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും യാത്രക്കാർക്ക് സാധിക്കുന്നു. കംഫർട്ട് ക്ലാസ് ടിക്കറ്റുകൾക്ക് 39 ദിർഹവും പ്രീമിയം ക്ലാസ് ടിക്കറ്റുകൾക്ക് 109 ദിർഹവുമാണ് ആരംഭ നിരക്ക്.

You may also like