Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 12:25 AM

തെറ്റായി വന്ന പണം നൽകിയില്ല; യുവാവിന് പിഴയും നഷ്ടപരിഹാരവും

by Raneesha Razak

അൽ ഐൻ : ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി വന്ന 16,000 ദിർഹം തിരികെ നൽകാൻ വിസമ്മതിച്ച യുവാവിന് തുക തിരികെ നൽകാനും ഒപ്പം 3,000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ട് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കേസ് കോടതി. പണം അനധികൃതമായി കൈക്കലാക്കിയ സംഭവത്തിൽ യുവാവിനെതിരെയുള്ള കുറ്റകൃത്യം മുൻപ് ക്രിമിനൽ കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നതായി കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി എത്തിയ പണം തിരികെ ലഭിക്കുന്നതിനായും, നഷ്ടപരിഹാരമായും തുക ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പണത്തിന്റെ ഉടമ നൽകിയ ഹർജിയിലാണ് സിവിൽ കോടതിയുടെ ഉത്തരവ്.

തങ്ങൾ തമ്മിൽ യാതൊരുവിധ സാമ്പത്തിക ബന്ധമോ മുൻപരിചയമോ ഇല്ലെന്നും, സാങ്കേതിക പിഴവ് മൂലം തന്റെ അക്കൗണ്ടിൽ നിന്ന് യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറുകയായിരുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി ലഭിച്ച തുക തിരികെ നൽകാൻ തയ്യാറാകാതിരുന്ന പ്രതി കോടതിയിൽ ഹാജരാകുകയോ വാദം ഉന്നയിക്കുകയോ ചെയ്തില്ല. തുടർന്നാണ്, പരാതിക്കാരന് ഉണ്ടായ മാനസിക സങ്കടത്തിനും പണം ഉപയോഗിക്കാൻ സാധിക്കാത്തതിനും പരിഹാരമായി 3,000 ദിർഹം നഷ്ടപരിഹാരം ഉൾപ്പെടെ ആകെ 19,000 ദിർഹവും കോടതിച്ചെലവുകളും പ്രതി നൽകണമെന്ന് കോടതി ഉത്തരവിട്ടത്.

You may also like