17
ദുബായ് : യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് ഉജ്ജ്വല തുടക്കമായി. വേനലവധിക്ക് ശേഷം കുട്ടികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തിയപ്പോൾ പഠനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനൊപ്പം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും സ്ക്രീൻ ടൈം കുറയ്ക്കുന്നതിനും മുൻഗണന നൽകുകയാണ് സ്കൂളുകൾ. ക്ലാസ് മുറികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെയും സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനെതിരെയും ലോകമെമ്പാടും ചർച്ചകൾ ശക്തമാകുന്നതിനിടയിലാണ് യു.എ.ഇയുടെ ഈ പുതിയ ചുവടുവെപ്പ്. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന പശ്ചാത്തലത്തിൽ, യു.എ.ഇയിൽ നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുവിദ്യാലയങ്ങളിലും മന്ത്രാലയ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും കുട്ടികൾ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് കൃത്യമായ ശിക്ഷാ നടപടികളും ഉണ്ട്. ഏകീകൃത നയമില്ലാത്ത മറ്റു സ്വകാര്യ സ്കൂളുകളാകട്ടെ, ക്ലാസ് സമയത്ത് ഫോണുകൾ സുരക്ഷിതമായി വാങ്ങി സൂക്ഷിക്കുന്നതുൾപ്പെടെയുള്ള കർശനമായ സ്വന്തം സംവിധാനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഫോണിന്റെ ഉപയോഗം ഒഴിവാക്കുന്നതോടൊപ്പം കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പകർന്നു നൽകുന്നതിനായി ഡിജിറ്റൽ സിറ്റിസൺഷിപ്പ് പാഠങ്ങളും സ്കൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.