7
അബുദാബി: അബുദാബി അൽ വത്ബയിൽ (Al Wathba) നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 2026-ലെ ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 1 മുതൽ 5 വരെ ദിവസേനയുള്ള കരിമരുന്ന് പ്രയോഗങ്ങളും ദേശീയ പരേഡുകളും 960-ലധികം കലാകാരന്മാർ അണിനിരക്കുന്ന പ്രത്യേക കലാപരിപാടികളും അരങ്ങേറും. ഇമറാത്തി പൈതൃകവും അന്താരാഷ്ട്ര കലാരൂപങ്ങളും സമന്വയിക്കുന്ന അഞ്ച് ദൃശ്യവിരുന്നുകൾ ഉൾക്കൊള്ളുന്ന ‘യൂണിയൻ ടാബ്ലോ’ (Union Tableau) ആണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. ശബ്ദ-വെളിച്ച വിന്യാസങ്ങളും ലേസർ ഇഫക്റ്റുകളും ഫെസ്റ്റിവലിലെ പ്രശസ്തമായ ഇമറാത്തി ഫൗണ്ടനും (Emirati Fountain) ഈ പ്രത്യേക ഷോയ്ക്ക് മിഴിവേകും.
ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘യൂണിയൻ പരേഡിൽ’ (Union Parade) യുഎഇ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച 10 കുതിരകളും, പരമ്പരാഗത ഇമറാത്തി കുടുംബ യാത്രാസംഘത്തെ (Caravan) പ്രതിനിധീകരിക്കുന്ന 15 ഒട്ടകങ്ങളും, 13 അന്താരാഷ്ട്ര-കാർണിവൽ കലാസംഘങ്ങളും അണിനിരക്കും. ഇതിനുപുറമെ ആകർഷകമായ വിളക്ക് പ്രദർശനങ്ങളും (Lantern displays) നാടൻ കലാപരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.