11
ഫുജൈറ : ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 14 പേരുടെ മരണത്തിനും 30-ഓളം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ദാരുണമായ വാഹനാപകടത്തിന് പിന്നാലെ, റോഡുകളിലെ ട്രക്കുകളുടെ തിരക്കിനെക്കുറിച്ച് (Heavy truck congestion) ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പുതിയ മൊബൈൽ അലർട്ട് സംവിധാനം (Mobile alert system) നടപ്പിലാക്കി ഫുജൈറ പൊലീസ്.
മുന്നിലുള്ള റോഡുകളിൽ ട്രക്കുകളുടെ വലിയ തിരക്കുണ്ടെങ്കിൽ ആ ഭാഗത്തേക്ക് എത്തുന്ന വാഹനയാത്രക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഓട്ടോമാറ്റിക് ആയി മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. കൂട്ടിയിടികൾ ഒഴിവാക്കാൻ വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാനും സന്ദേശത്തിലൂടെ ഡ്രൈവർമാരോട് നിർദ്ദേശിക്കും. മൂടൽമഞ്ഞുള്ള സമയങ്ങളിൽ (Foggy conditions) നൽകുന്ന മുന്നറിയിപ്പുകൾക്ക് സമാനമായ രീതിയിലാണ് ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള ഈ മുൻകൂർ സന്ദേശങ്ങളും പ്രവർത്തിക്കുന്നത്.
ഡ്രൈവർമാർ പ്രത്യേകിച്ച് വിവരങ്ങൾ തിരയാതെ തന്നെ, തിരക്കുള്ള റോഡിലേക്ക് അടുക്കുമ്പോൾ ഫോണിലേക്ക് നേരിട്ട് അലർട്ട് എത്തും. ‘വാണിംഗ് അലർട്ട്’ (Warning Alert) എന്ന തലക്കെട്ടോടെ “മുന്നറിയിപ്പ്… മുന്നിൽ ട്രക്കുകളുടെ തിരക്കുണ്ട്. നിങ്ങളുടെ സുരക്ഷയ്ക്കായി വേഗത കുറയ്ക്കുകയും സുരക്ഷിത അകലം പാലിക്കുകയും ചെയ്യുക” എന്ന സന്ദേശമാണ് ലഭിക്കുക. വിവിധ രാജ്യക്കാരായ ഡ്രൈവർമാർക്ക് കൃത്യമായി മനസ്സിലാകുന്നതിനായി അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലാണ് മുന്നറിയിപ്പുകൾ അയക്കുന്നത്. അപകടത്തിൽ പരിക്കേറ്റ 30-ഓളം പേരിൽ 10 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. അപകടത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന ഡ്രൈവറും ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ നില ഗുരുതരാവസ്ഥ മുതൽ മിതമായ നില വരെയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കി 20 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ഫുജൈറ നഗരത്തിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫുജൈറ പൊലീസ് ഈ നൂതന സംവിധാനം അവതരിപ്പിച്ചത്.