14
അബുദാബി : യുഎഇയിലെ മൊത്തം ജനനനിരക്കിൽ 15 ശതമാനത്തിലധികം വർദ്ധനവുണ്ടായപ്പോഴും, രാജ്യത്തെ സ്വദേശികളായ എമിറാത്തി കുഞ്ഞുങ്ങളുടെ ജനനത്തിൽ 7.52 ശതമാനത്തിന്റെ കുറവുണ്ടായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2021 നും 2024 നും ഇടയിലുള്ള കണക്കുകളാണിത്.
2021-ൽ 31,732 ആയിരുന്ന എമിറാത്തി കുഞ്ഞുങ്ങളുടെ ജനനം 2024 ആയപ്പോഴേക്ക് 2,385 കുറഞ്ഞ് 29,347 ആയി താഴ്ന്നു. അതേസമയം, സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള രാജ്യത്തെ മൊത്തം ജനനനിരക്ക് 2021-ലെ 92,777-ൽ നിന്ന് 15.24 ശതമാനം (14,138 കുഞ്ഞുങ്ങൾ) വർദ്ധിച്ച് 2024-ൽ 1,06,915 ആയി ഉയർന്നതായി എംറാത്ത് അൽ യൗം (Emarat Al Youm) റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ മൂന്ന് വർഷങ്ങളിലാണ് സ്വദേശികളുടെ ജനനനിരക്കിൽ ഇടിവുണ്ടായത്. 2022-ൽ 30,889, 2023-ൽ 29,926, 2024-ൽ 29,347 എന്നിങ്ങനെയാണ് കണക്കുകൾ.
ഫെഡറൽ കോമ്പറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം എമിറാത്തി സ്ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് (Fertility Rate) 2021-ൽ 3.2 ആയിരുന്നത് 2022-ൽ 3.1 ആയും 2023-ൽ 2.9 ആയും കുറഞ്ഞു. കുട്ടികളെ വളർത്തുന്നതിലെ ചെലവ് വർദ്ധിക്കുന്നത്, വൈകിയുള്ള വിവാഹങ്ങൾ, തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിലെ ബുദ്ധിമുട്ടുകൾ, വന്ധ്യതാ ചികിത്സ ലഭിക്കുന്നതിലെ പരിമിതികൾ എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥിതി പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗങ്ങളും വിദഗ്ദ്ധരും ആവശ്യപ്പെട്ടു.