3
അബുദാബി: വാരാന്ത്യത്തിൽ അബുദാബിയിലും അൽ ഐനിലും പ്രധാന റോഡുകളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മൊബിലിറ്റി. യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും കൂടുതൽ യാത്രാ സമയം കണക്കിലെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അൽ ഐനിലെ ശഖ്ബൂത് ബിൻ സുൽത്താൻ തെരുവ്, അബുദാബിയിലേക്കുള്ള ശൈഖ് സായിദ് പാലം എന്നിവടങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണങ്ങൾ ബാധകമായിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് അറിയിപ്പ്. ഇതിനിടയിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും റോഡുകളിൽ കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.