7
ദുബായ്: 1971 ഡിസംബർ രണ്ടിന് എമിറേറ്റുകൾ ഒന്നായതിന്റെ ചരിത്രപരമായ 55-ാം വാർഷികം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. രാജ്യത്തിന്റെ ഐക്യവും മികവും വിളംബരം ചെയ്യുന്ന വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ഷോകൾ, സൈനിക പരേഡുകൾ, പരമ്പരാഗത കലാപരിപാടികൾ എന്നിവയാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം 2026 ‘കുടുംബത്തിന്റെ വർഷമായി’ (Year of the Family) ആചരിക്കുന്നതിനാൽ, കുടുംബബന്ധങ്ങൾക്കും യുഎഇ സമൂഹം ഒരൊറ്റ വലിയ കുടുംബമാണെന്ന സന്ദേശത്തിനും പ്രത്യേക പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ വ്യോമസേനയുടെ പ്രശസ്ത എയറോബാറ്റിക് സംഘമായ ‘ഫുർസാൻ അൽ ഇമറാത്ത്’ (Fursan Al Emarat) നവംബർ 29-ന് ദുബായ് കൈറ്റ് ബീച്ചിൽ (Kite Beach) വിസ്മയകരമായ വ്യോമാഭ്യാസ പ്രകടനം കാഴ്ചവെക്കും. യുഎഇ വ്യോമയാന മേഖലയുടെ മികവ് വിളിച്ചോതുന്ന ഈ പ്രദർശനത്തിൽ ഏഴ് വ്യോമസേനാ ജെറ്റുകളാണ് അണിനിരക്കുന്നത്. വിദഗ്ധരായ പൈലറ്റുമാർ ആകാശത്ത് തീർക്കുന്ന കൃത്യതയാർന്ന വിന്യാസങ്ങളും അഭ്യാസ പ്രകടനങ്ങളും രാജ്യസ്നേഹത്തിന്റെ ഉജ്ജ്വലമായ ആദരവായി മാറും.